Followers

Saturday, April 19, 2014

യവനസഞ്ചാരി

ഇമ്റാന് ഖാന് എന്ന ക്റിക്കറ്ററെക്കുറിച്ചാണ് ഈ കുറിപ്പ് . ക്റികറ്റ് കളിച്ചിരുന്ന കാലത്തെ ഇമ്റാന് ഖാന് .   അതിസുന്ദരന് . ബൌളിംഗ് എന്ഡില് നിന്നും ഓടിവരുമ്പോള് അതിസുന്ദരമായി പാറിയിളകുന്ന നീളന് തലമുടി .  അതിസുന്ദരമായി വിടരുന്ന ഉടല്വടിവ് .  അതിസുന്ദരമായ ബൌളിംഗ് ആക്ഷന് .  അതിസുന്ദരമായ ബാറ്റിംഗ് പോസുകള് . ക്റീസിലേയും ഗ്രൌണ്ടിലേയും  അതിസുന്ദരമായ ചലനങ്ങള് . കളി മാത്രം വെച്ചു നോക്കിയാല്  ഇമ്റാന്ഖാനേക്കാള് ഇഷ്ടം തോന്നുന്ന നിരവധി കളിക്കാരുണ്ട്.  ബ്റയാന് ലാറ  , സച്ചിന് , കാംബ്ളി , കപില്ദേവ് , റോഹന് കന്ഹായി ,  ഗാരി സോബേഴ്സ് , വിവിയന് റിച്ചാഡ്സ്, വസീം അക്റം , സഹീര് അബ്ബാസ് , റിച്ചാഡ് ഹാഡ്ലി , മക്ഗ്രാത്ത് , ജെഫ് തോംസണ്‍ , ഗുണ്ടപ്പാ വിശ്വനാഥ് , ഇയാന് റെഡ്പാത്ത്  , ഡെന്നിസ് ലില്ലി , ഗ്ളെന് റ്റര്നര് , ലാന്സ് ഗിബ്സ് , ഭഗവത് ചന്ദ്രശേഖര് , ആന്ഡി റോബര്ട്സ് , ജോയില് ഗാര്നര് , മൈക്കല് ഹോള്ഡിംഗ് , ജാക്ക് കാലിസ് ...... തുടങി പഴയ - പുതിയ തലമുറയില്പെട്ട എണ്ണമറ്റവര്  .  എന്നാല് ഇവര്ക്കിടയിലെ അതിസുന്ദരന് ഇമ്റാന്ഖാനായിരുന്നു  .  ആരവങ്ങള്ക്കിടയിലെ ആണെഴുത്ത്  . പുല്മൈതാനത്തിന്റെ തിരകള്ക്കു കുറുകെ  ചിറകടിക്കുന്ന അതിസുന്ദരനായ കടല്പക്ഷി .   ഇമ്റാന്ഖാനെക്കുറിച്ച്  ക്രിസ്റ്റഫര് സാന്ഫോര്ഡ് ( Christopher Sandford ) എഴുതിയ കവിത ഇവിടെ പോസ്റ്റു ചെയ്യുന്നു .  അല്പനേരം പില്കാല ഇമ്റാന്ഖാനെ  മറക്കുക .  ക്റിക്കറ്ററായ  ഇമ്റാന്ഖാനെ മാത്രം ഓര്ക്കുക . കവിത വായിക്കുക.


യവനസഞ്ചാരി

     - ക്റിസ്റ്റഫര് സാന്ഫോര്ഡ്

ബാറ്റുചെയ്യുമ്പോള്
 റോമിയോ .
ഉന്മാദത്താല്
ഉലഞാടുന്നവന്.
നിന്നെ ചുറ്റിക്കറങ്ങുന്ന
ചിത്രശലഭക്കണ്ണുകളില്
ജൂലിയറ്റിന്റെ കടല്.

ബൗള് ചെയ്യുമ്പോള്
മാര്ക്ക് ആന്റണി .
ക്ളിയോപാട്രയുടെ മണമുള്ള
നൈല് നദിക്കുമീതേ
പറന്നുപറന്നു വന്ന് 
ടിക്കറ്റും ബൈനാകുലറുമെടുത്ത്
സ്റ്റേഡിയങ്ങളില് കടന്നിരിക്കുന്ന
നിനക്കു മാത്രമായുള്ള  ചുംബനങ്ങള്. 

മൈതാനത്ത്
ഓരോ പന്തിലും
ഹെലനെ തേടുന്ന
യവനസഞ്ചാരി.
ദൈവത്തിന്റെ കാല്പനികതയ്ക്ക്
ഭ്രാന്തുപിടിച്ചപ്പോള്
അവന് നിന്നെ ശില്പ്പമാക്കി.

നിന്നെക്കുറിച്ചെഴുതാന്
ബാറ്റിനും ബോളിനും പകരം
മഷിയും തൂവലുമായി
ഷേക്സ്പിയറും ഹോമറും
ക്റീസിലിറങ്ങുന്നു.

നിന്റെ കഥ
തലമുറകള് പറയും .
നീ കളി നിര്ത്തുമ്പോള്
ഷേക്സ്പിയറും ഹോമറും
എഴുത്തവസാനിപ്പിക്കണം .
അതിനപ്പുറം വേണ്ട.

അതിനപ്പുറം
ജരാനരകളുടെ
അതിരില്ലാത്ത തരിശ്ശില്
അനുനിമിഷം മാറുന്ന
ശരീരത്തിന്റെ പിച്ചില് 
ജീവിതം എന്ന ബാറ്റ്സ്മാന്
ഏറ്റവും മികച്ച ബാറ്റ്സ്മാന്
ബാറ്റു ചെയ്യും .
വിക്കറ്റ് വീഴ്ത്താന്
മരണം എന്ന ബൗളര്
ഏറ്റവും സമര്ത്ഥനായ ബൗളര്
പന്തെറിയും.
ആരവങ്ങളും ആരാധകരുമില്ലാതെ
തനിച്ചിരുന്ന്
നിനക്ക്‌ ആ കളി കാണേണ്ടിവരും .

Tuesday, December 31, 2013

ഹെര്മ്മന് ഹെസ്സെയുടെ കവിത

“When someone seeks," said Siddhartha, "then it easily happens that his eyes see only the thing that he seeks, and he is able to find nothing, to take in nothing because he always thinks only about the thing he is seeking, because he has one goal, because he is obsessed with his goal. Seeking means: having a goal. But finding means: being free, being open, having no goal.”
 
- Hermann Hesse, Siddhartha


പവിഴമല്ലികള് പട്ടാംപൂചികളെ വായിക്കുന്നു  .  ചന്ദ്രോദയം ചെടികളെ വായിക്കുന്നു  .  മഴമരം മണ്ണിനെ വായിക്കുന്നു  .  കോവിദാരപ്പൂക്കള് നദികളെ  വായിക്കുന്നു  .  ആറ്റിലഞ്ഞികള് കൊതുമ്പുതോണികളെ വായിക്കുന്നു  .  താറാപ്പറ്റങ്ങള്  താലോലം തിരകളെ വായിക്കുന്നു  .  ആകാശം അഴിമുഖങ്ങളെ വായിക്കുന്നു  . നക്ഷത്രങ്ങള് നിശാശലഭങ്ങളെ  വായിക്കുന്നു . കൊക്കുംമുണ്ടികള് കണ്ടല്ക്കാടുകളെ വായിക്കുന്നു  . പോക്കുവെയില് പൂത്തുമ്പികളെ വായിക്കുന്നു  .  പച്ചത്തുരുത്ത്കള് പക്ഷികളെ വായിക്കുന്നു  .  മായുന്ന സന്ധ്യകള് മലമുടികളെ വായിക്കുന്നു  . എകാകികള് ഹെര്മ്മന് ഹെസ്സെയെ വായിക്കുന്നു.


ഏകാന്തസഞ്ചാരം

            
               -ഹെര്മ്മന് ഹെസ്സെ 

ദൂരെദൂരെയാം മല -
മുടികള്ക്കപ്പുറത്ത്
വീശിനില്ക്കുന്ന കൊടും -
കാടുകള്ക്കപ്പുറത്ത്

പറക്കും പക്ഷികളെ
മായിച്ചുകളയുന്ന
ഇരുണ്ട മേഘങ്ങള്ക്കു -
മപ്പുറത്തപ്പുറത്ത്

നക്ഷത്രമണമുള്ള 
സൌരയൂഥങ്ങള് തോറും
അലഞ്ഞു തിരിയുന്ന
ഭാവനയ്ക്ക്പ്പുറത്ത്

ഉദിക്കും വെളിച്ചത്തില്
ഇലകളോരോന്നിലും
എഴുതാന് കൊതിക്കുന്നു
പ്രപഞ്ച സൌന്ദര്യങ്ങള് .

കല്ലുകളോരോന്നിലും
കാലത്തെ കാതോര്ക്കുന്നു
സൂക്ഷ്മബിന്ദുക്കള്ക്കുള്ളില്
നിറയും നിശബ്ദത.

വിസ്മയവിനയങ്ങള്
ഒഴുകുമിളംകാറ്റില് 
തനിച്ചു മറിയുന്ന
പുസ്തകം ഞാനാകുന്നു.

ഒരു ഹംഗേറിയന് കവിത

അനീതിക്കെതിരായ തല്സമയസംപ്രേഷണം പോലെ കവിതകള് വരാം . കവിതയെന്ന നിലയില് ചിലപ്പോള് പരാജയപ്പെടാം .  എന്നാല് ഏതൊക്കെയോ സാമൂഹിക സന്ദര്ഭങ്ങളോട് അവ ഏറ്റുമുട്ടിക്കൊണ്ടിരിക്കും .  മൂടിക്കെട്ടി, ഭദ്രമായി നിക്ഷേപിക്കപ്പെടുന്ന രാഷ്ട്രീയ -സാമൂഹിക മാലിന്യങ്ങളെ  തുറന്നിടും . എല്ലാ മാജിക്കുകള്ക്കും  പിന്നിലെ രഹസ്യങ്ങളെ  പരസ്യപ്പെടുത്തും .സമകാലം , സുഗന്ധങ്ങളും  തിളക്കങ്ങളും  മാത്രം നിറഞ്ഞ സ്വര്ഗമല്ലെന്നു കാട്ടിത്തരും. ഹംഗേറിയന് കവിയായ ആറ്റില ബാലോയുടെ (Attila Balogh) ഈ  കവിതയെ  ഈ ഗണത്തില് പെടുത്താമെന്നു തോന്നുന്നു. Gabor G. Gyukics ,Michael Castro  എന്നിവര്  എഡിറ്റു ചെയ്ത Swimming in the Ground : Contemporary Hungarian Poetryയില് Attila Balogh-യുടെ കവിതകളും  ഉള്പ്പെടുത്തിയിട്ടുണ്ട്. Gypsy Drill എന്ന കാവ്യസമാഹാരം ശ്രദ്ധേയമായി.ലോകത്തെവിടെയും അനീതി പലതരം വേഷങ്ങളില് അതിന്റെ നാടകം നടത്തിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിലും ഇങ്ങേയറ്റത്ത് കേരളത്തിലും അതേ  നാടകം അരങ്ങേറുന്നു . കാണികള് നിശബ്ദം അതുകണ്ടുകൊണ്ടിരിക്കുന്നു .  അതിനിടയില് ആരെങ്കിലും  സഹികെട്ട്   ഒന്നു കൂവിപ്പോകുന്നു . ആ കൂവലിന്റെ സ്വഭാവമാണ് ഈ കവിതയ്ക്ക് . ജീവിക്കുന്ന കാലത്തെ കൂടുതല് മാനുഷികമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന കവിത . ഒരു കാവ്യപ്രയോഗം . അത്രമാത്രം .


തുടച്ചു നീക്കപ്പെട്ടവര്
 
________ആറ്റില ബാലോ


ഒരാള്
ചത്തു.
അഥവാ
ആത്മഹത്യ ചെയ്തു.
അല്ലെങ്കില്
തലങ്ങും
വിലങ്ങും
വെട്ടേറ്റു മരിച്ചു.
അതുമല്ലെങ്കില്
വെടിയേറ്റു ചിതറി
പിടഞ്ഞുവീണ്
ഒടുങ്ങി.

തെളിവുകള്
നശിപ്പിക്കപ്പെടാം.
ഏതു യുദ്ധത്തിലും
എന്നപോലെ .

പേടിയ്ക്കടിപ്പെട്ടും
വെള്ളികകാശിനായും
സാക്ഷികള് കൂറു മാറാം.
ഏതു മാഫിയാനീക്കത്തിലും
എന്നപോലെ .

വാദിഭാഗവും
പ്രതിഭാഗവും
ഒത്തുചേര്ന്ന്
നീതിയുടെ തിരുരൂപത്തെ
പിന്നില് നിന്നു കുത്തിവീഴ്ത്താം.
ഏതു രഹസ്യ ഉടമ്പടിയിലും
എന്നപോലെ .

കോടതികള്
പകച്ചു നിന്നാലും
സത്യം സത്യമല്ലാതാകുന്നില്ല.
വേട്ടക്കാര് രക്ഷപെട്ടാലും
സത്യത്ത്നു പിന്നിലെ
സത്യങ്ങളും
സത്യമല്ലാതാകുന്നില്ല.

പക്ഷെ ,സത്യം !
അതാര്ക്കു വേണം ?
ചന്തയില്
വിലപേശിനില്ക്കുന്ന
ജനങ്ങള്ക്കോ?
മുകളില്
ഉദിചസ്തമിക്കുന്ന
മിഥ്യകളുടെ സൂര്യനോ?

ഭൂമിയില് നിന്ന്‌
പൊടുന്നനെ
തുടച്ചു നീക്കപ്പെട്ടവര്
സത്യമറിയാവുന്നവര്
ദൈവമേ !

Painting -Priyanka Lahiri
Painting -Priyanka Lahiri

ആലീസ് മണ്റോ

Margaret Atwood ,Carol Ann Shields , Margaret Laurence, Ann-Marie MacDonald ,Sara Gruen , Elizabeth Hay , Esi Edugyan ...എന്നിങ്ങനെ നീളുന്ന എഴുത്തുകാരികളുടെ ലോകം കനേഡിയന് സാഹിത്യത്തെ സവിശേഷമാക്കുന്നു . ആ സവിശേഷതയുടെ ഒരു പ്രധാന  പ്രതിനിധിയാണ് ആലീസ് മണ്റോ . അധികാരം , അഭയം അരക്ഷിതമാക്കുന്ന കുടുംബം , വീട് ,   നിരവധിയായ ചെറുചെറു അധിനിവേശങ്ങള് , ആധിപത്യങ്ങള് ,   സെക്സിലും ശരീരത്തിലും കടന്നു കയറുന്നആലോസരങ്ങള്  , അടിച്ചേപ്പിക്കലുകള്  ,  ഒട്ടും  തിളക്കമില്ലാത്ത്തവര് പൊതുവില്  പങ്കിടുന്ന സന്ദേഹങ്ങള് ,ഉത്കണ്ടകള് ...ഇവയൊക്കയും മാറിമറിയുന്ന സമൂഹത്തിന്റെ ഇടനാഴികള് , കലങ്ങി നിറയുന്ന കൊച്ചു ലോകങ്ങള് ----തുടങ്ങിയവയിലൂടെ കടന്നു പോകുന്ന അടിസ്ഥാനവര്ത്തിയായ സ്ത്രീമനസ്സിന്റെ പ്രതികരണങ്ങളാണ് മണ്റോയുടെ കഥകള് എന്ന് ഏതാണ്ട് എല്ലാ  നിരൂപകരും അഭിപ്രായപ്പെടുന്നുണ്ട്. അവര് ആ അഭിപ്രായത്ത്തിലേക്ക് എത്തിച്ചേരുന്ന വഴികളും വിശദാംശങ്ങളും വ്യത്യസ്തമാണെങ്കിലും . തനിക്ക് ചിരപരിചിതമായ  പുന്നയൂര്കുളത്തെ  സ്ത്രീകളിലൂടെ എപ്പോഴുമല്ലെങ്കിലും  ചിലപ്പോള് , മാധവിക്കുട്ടി സ്വയം സംസാരിച്ചു. അടുത്തറിയാമായിരുന്ന സ്വന്തം ഗ്രാമത്തിലെ സ്ത്രീകളിലൂടെ ലളിതാംബികാ അന്തര്ജ്ജനം  സ്വന്തം ശബ്ദം കേള്പ്പിച്ചു. ചന്ദ്രമതി താന് ജീവിതത്തിന്റെ ഒരു ഘട്ടം ചിലവഴിച്ച ദേശത്തു നിന്നും സ്ത്രീ കഥാപാത്രങ്ങളെ തിരിചെടുത്തുകൊണ്ട്  അവരുടെ ഉള്ളില് നടക്കുന്ന സംഭാഷങ്ങളിലൂടെ സ്ത്രീയെ ആവിഷ്ക്കരിക്കാന് ശ്രമിച്ചു. ഈവിധമുള്ള  ശ്രമം തന്നെ  , മറ്റൊരിടത്ത് മറ്റൊരു സന്ദര്ഭത്തില്  ,  തികച്ചും പ്രാദേശികമായ ലാന്ഡ്സ്കേപ്പില്   , മറ്റൊരു രീതിയില്  നടത്തുകയാണ് ആലീസ് മണ്റോ  എന്ന് പറഞ്ഞാല് പൂര്ണ്ണമായും ശരിയായി വരണമെന്നില്ലെങ്കിലും അതിവിദൂരമായ ഒരു ശരി അതില്  കണ്ടെത്താന് കഴിഞ്ഞേക്കും.
-------------------------------------------------------------------------------------------

 Selected Stories എന്ന പുസ്തകത്തിന് ആമുഖമായി Alice Munro എഴുതിയതില്  നിന്നുള്ള അല്പ ഭാഗമാണ് താഴെ സ്വല്പം  സ്വാതന്ത്ര്യമെടുത്ത്  വിവര്ത്തനം ചെയ്തു ചേര്ക്കുന്നത്. എഴുതിയ കഥകളുടെ കയ്യടക്കത്തിനു പിന്നില്  പ്രവര്ത്തിച്ച എഴുത്തുകാരിയുടെ സൂക്ഷ്മസമീപനം ഈ വരികളില്  വെളിപ്പെടുന്നുണ്ട്.

ആമുഖത്തില് നിന്ന്

 ................... ''  എഴുതിത്തുടങ്ങുന്നതിനു മുന്പ് കഥ ഞാന് മനസ്സില് രൂപപ്പെടുത്തുമ്പോള്  അതിന് ഒരു കഥാന്ത്യം ഉണ്ടായിരിക്കും. ആദ്യ രൂപത്തില് ഉടനീളം ഈ കഥാന്ത്യം യഥാസ്ഥാനത്തു തന്നെ  മിക്കവാറും സ്ഥിതി ചെയ്യും .  ചില നേരം അതിന്റെ സ്ഥാനം മികച്ചതായിരിക്കും.  ചിലപ്പോള്  അങ്ങനെയല്ലാതെയും.  ആദ്യരൂപത്ത്തിലെ കഥ പരുക്കനെങ്കിലും ആവശ്യമായ ഉടയാടകള് അണിഞ്ഞിരിക്കും . അത് പൂര്ത്തിയായതായിരിക്കും. വലിയ സാങ്കേതികനീക്കുപോക്കുകള് ആവശ്യമില്ലാതെയിരിക്കും .   അവിടെയും ഇവിടെയും അല്പ്പം മുറുക്കവും വികാസവും അനിവാര്യമായി വരും. ചില സംഭാഷണങ്ങള് ഒഴിവാക്കലും അനാവശ്യമായ അലങ്കാരങ്ങള് മുറിച്ചുമാറ്റലും  നടക്കും. എന്നാല് പിന്നിട് കഥക്ക് അതിന്റെ ജീവന് നഷ്ടപ്പെടുന്ന ഒരവസ്ഥയിലേക്ക്  എത്തും. എന്റെ ഉദ്ദേശത്തില് നിന്നും മാറിപ്പോകുന്ന അവസ്ഥ സംജാതമാകുമ്പോള്  കഥ ഉപേക്ഷിക്കുന്നതില് ഞാന് ആശ്വസിക്കും .  കഥ വികസിച്ചത് ഞാന് ഉദ്ദേശിച്ച പോലെയാണ് . പക്ഷെ , എന്റെ ഉദ്ദേശം തെറ്റായിരുന്നുവെന്ന് കഥ തെളിയിച്ചു. പലപ്പോഴും ഇത്തരം ഉദ്യമങ്ങള്   ഉപേക്ഷിക്കാന് ഞാന് തീരുമാനിച്ചിരുന്നു. ( എഴുതിത്തുടങ്ങുന്ന ആദ്യകാലങ്ങളില്  ഇതുപോലെ നിരവധി ഉദ്യമങ്ങള് ഉപേക്ഷിക്കുകയും പുതിയവ തുടങ്ങുകയും ചെയ്തിരുന്നു. ) ഇപ്പോള് കഥ എന്റെ നിയന്ത്രണത്തില്  നിന്നും  സ്വതന്ത്രമാവുകയും അതിന് ദിശാവ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരു നിശ്ചയവുമില്ല  . ദുര്നിമിഷങ്ങള് പലതും ഇത്തരത്തില്  ഉണ്ടായിട്ടുണ്ട്. ഞാന് അവയുമായി പൊരുത്തപ്പെടണം . ഉപേഷിക്കലുകള്ക്ക് പറ്റിയ ഒരാളല്ല ഞാന്.   എന്നാല്  ഇപ്പോള് ഞാന് വാക്കുകള അധികം ചിലവാകകാറില്ല. പിശുക്ക് കാണിക്കുന്നു.  പുതിയ തുടക്കങ്ങളോട് അഭിനിവേശം തോന്നുന്നു , ചെറുപ്പകാലത്തെന്ന പോലെ . കഥയിലെ കുരുക്കഴിക്കാന്  പലമാര്ഗ്ഗങ്ങളും ചിന്തിച്ച് വെറുതെ നടക്കും. ഇവയ്ക്കിടയില്  എപ്പോഴെങ്കിലും ശരിയായ വഴി മുന്നിലെത്തുകയും ചെയ്യും. പിന്നെ വലിയ ആശ്വാസം . നവോന്മേഷം . ഉയിര്ത്തെഴുനേല്പ്പ് ........''

Tuesday, December 25, 2012

ജറുസലം /നിസാര്‍ ഖബ്ബാനി


തുടക്കത്തില്‍ കാല്‍പ്പനികം . പില്ക്കാലത്ത് അധികാര വിരുദ്ധം . പിന്നെപ്പിന്നെ  അന്തര്‍ദേശീയം . ഈവിധം വികസിതമാകുന്ന കാവ്യാവബോധത്തിലേക്കും കാവ്യ സമീപനത്തിലേക്കും കാഴ്ചകളിലേക്കും എഴുത്തുരീതികളിലേക്കുമുള്ള സഞ്ചാരം നിസാര്‍ ഖബ്ബാനി (Nizar Qabbani (1923-1998) യുടെ കവിതകളില്‍ കാണാമെന്നു തോന്നുന്നു . ജീവിച്ച ജീവിതം കൊണ്ട് വലിയ മനുഷ്യസ്നേഹിയായും എഴുതിയ കവിതകള്‍ കൊണ്ട് ലോകമെംപാടുമുള്ള വേദനിക്കുന്ന മനുഷ്യരെ പ്രതിനിധീകരിക്കുന്ന കവിയായും ഖബ്ബാനി പരിഗണിക്കപ്പെടുന്നു.ഖബ്ബാനിയുടെ കവിതയിലെ ചില വിശദാംശങ്ങള്‍ വിവര്‍ത്തനത്തില്‍ വിട്ടുകളഞ്ഞിരിക്കുന്നു. തെല്ലു സ്വാതന്ത്ര്യവും   എടുത്തിരിക്കുന്നു. സത്യത്തില്‍ ,വലിയ പണ്ഡിതന്മാരും വലിയ കവികളും വലിയ വായനക്കാരുമാണ്  കാവ്യ വിവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് . ഇതിലൊന്നും പെടാത്ത ഒരാള്‍ ചെയ്ത എളിയ ശ്രമമായി ഈ വിവര്‍ത്തനത്തെ കണ്ടാല്‍ മതി .

ജറുസലം
-നിസാര്‍ ഖബ്ബാനി

ഞാന്‍ കരഞ്ഞു,
കണ്ണീര്‍ വറ്റിത്തീരും വരെ.
പ്രാര്‍ഥിച്ചു ,
മെഴുകുതിരികള്‍
ചിമ്മിപ്പോലിയും വരെ.
മുട്ടുകുത്തി ,
നിലം പൊട്ടിത്തകരും വരെ.

ഞാന്‍ ചോദിച്ചു,
മുഹമ്മദിനേയും
ഈസയേയും കുറിച്ച്.

ജറുസലം ,
പ്രവാചകന്മാരുടെ
തിളങ്ങുന്ന നഗരം .
സ്വര്‍ഗ്ഗ -ഭൂമികള്‍ക്കിടയിലെ
ഏറെച്ചെറുപാത .

എണ്ണമറ്റ
മിനാരങ്ങളുടെ
ജറുസലം ,
നീയൊരു
കൊച്ചുപെണ്കുട്ടിയാവുക,
വെന്തുപോയ
വിരലുകളുള്ളവള്‍,
വിമോഹിനി.

നിത്യകന്യകയുടെ
നഗരമേ ,
നിന്റെ കണ്ണുകളില്‍
നിറവിഷാദം.

നബി കടന്നുപോയ
തണല്‍പച്ചകള്‍ ,
ശിലാവൃതമായ തെരുവുകള്‍ ,
മസ്ജിദ്ഗോപുരങ്ങള്‍ ,
എല്ലാം മ്ളാനമയം.

കറുപ്പിലാണ്ട
നഗരമേ,
ഉദിക്കുന്ന
ഞായര്‍ദിനങ്ങളില്‍
മൃതദിവ്യകുടീരത്തില്‍
ആരു മണിമുഴക്കും?

നിരാശാനഗരമേ ,
നീറി യിടറുന്നു
നിന്‍മിഴിപ്പോളയില്‍
നിബിഡം
ഒരു മിഴിനീര്ത്തുള്ളി .

ബൈബിളിനെ
ആരു രക്ഷിക്കും ?
ഖുര്‍ ആനെ 
ആരു രക്ഷിക്കും ?
ഈസയെ
ആരു രക്ഷിക്കും ?
മനുഷ്യനെ
ആരു രക്ഷിക്കും ?

ജറുസലം ,
എന്റെ സ്നേഹ നഗരമേ ,
നിന്റെ നാരകമരങ്ങള്‍ പൂക്കും .
പച്ചത്തണ്ടുകളും
പച്ചില്ച്ചില്ലകളും
ആനന്ദത്തിലാറാടി
ഉയര്‍ന്നുവരും .
നിന്റെ മിഴികള്‍
മന്ദഹസിക്കും.
നിന്റെ പവിത്രമേലാപ്പുകളിലേക്ക്
ദേശാടനക്കിളികള്‍
തിരിച്ചുവരും .
കളികളിലേക്ക്
കുട്ടികള്‍
മടങ്ങിയെത്തും .
ദീപ്തിമത്തായ
നിന്റെ തെരുവുകളില്‍
കുട്ടികളും മാതാപിതാക്കളും
കണ്ടുമുട്ടും.

ഒലീവുമരങ്ങളുടെ നഗരമേ,
സമാധാനത്തിന്റെ നഗരമേ,
എന്റെ നഗരമേ. 






യുദ്ധാവസാനം / Iijima Koichi

1930-ല് ജനിച്ച ജാപ്പനീസ് കവി ഇജിമ കൊയ്ച് (Iijima Koichi) യുടെ കവിതകളുടെ ആഴത്തട്ടുകളില്‍  യുദ്ധകാല സംഘര്‍ഷങ്ങളും യുദ്ധാനന്തരതിക്തശബ്ദങ്ങളും കലര്‍ന്നൊഴുകുന്നു. ഫ്രെഞ്ച്ഭാഷാ പണ്ഡിതനായ കൊയ്ചിന്റെ കവിതകളില്‍ യൂറോപ്യന്‍ കവിതയുടെ സവിശേഷതകളില്‍ ചിലത് സൂക്ഷ്മമായി സന്നിഹിതമായിരിക്കുന്നു.സര്റിയലിസതിന്റെ പ്രയോഗസാദ്ധ്യതകള്‍ കവിതകളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം.ഈകവിത ഏതു യുദ്ധകാലത്തും  യുദ്ധഭീതിയുടെ കാലത്തും മാനുഷികമായ ആധികള്‍ കൊണ്ട് പ്രസക്തി കൈവരിക്കുന്നു. പരിഭാഷയിലെ പരിമിതികളും പിഴവുകളും മനസ്സിലാകുന്നു . ഇത്രയേ കഴിയുന്നുള്ളൂ . അത്രമാത്രം.

യുദ്ധാവസാനം

അജ്ഞാതരുടെ
ആകാശം.

പറവകള്‍
താഴെയെത്തി.
മണ്‍പിളര്‍പ്പുകളില്‍  കൊത്തി.
മട്ടുപ്പാവുകള്‍ക്കു മീതെ
ചുറ്റിപ്പറന്നു.

അന്ധാളിച്ചവര്‍.
അഭയാര്‍ഥികള്‍ .

കല്ലുകഴിച്ചപോലെ
ആകാശം തലപൊക്കി.
പെട്ടെന്ന് ആധിയില്‍
മുങ്ങിപ്പോയി.

രക്തചൊരിച്ചില്‍
അവസാനിച്ചു.
പക്ഷേ ,ഇപ്പോഴും
എല്ലാ രക്തവും
ആകാശത്ത്
വട്ടം കറങ്ങുന്നു.

മണ്ണില്‍ നിന്നും
പയര്‍വള്ളികളും
ഉരുളക്കിഴങ്ങുകളും
ഭയന്നു മുളപൊട്ടുന്നു.

പൊടിയില്‍ പതിച്ച
സ്നേഹമുഖം പരതി,
സ്വന്തം നഷ്ടമുഖം തിരഞ്ഞ്‌,
അവന്‍ അലഞ്ഞു തിരിഞ്ഞു.

ഞാന്‍ ജീവിച്ച
പാപക്കറയുടെ വര്‍ഷങ്ങള്‍
ചാട്ടയടിച്ച്‌
കാതടപ്പിച്
കടന്നുപോയി.

കലണ്ടറുകള്‍
ചിറകറ്റ്
പറിഞ്ഞു വീണു.

മനുഷ്യര്‍
കാട്ടുപട്ടികളായി
കിടങ്ങുകളില്‍
കുത്തിയിരുന്ന്
കുഴഞ്ഞുതളര്‍ന്ന്
കരഞ്ഞുതീര്‍ത്ത
വര്‍ഷങ്ങള്‍.