Followers

Tuesday, December 25, 2012

യുദ്ധാവസാനം / Iijima Koichi

1930-ല് ജനിച്ച ജാപ്പനീസ് കവി ഇജിമ കൊയ്ച് (Iijima Koichi) യുടെ കവിതകളുടെ ആഴത്തട്ടുകളില്‍  യുദ്ധകാല സംഘര്‍ഷങ്ങളും യുദ്ധാനന്തരതിക്തശബ്ദങ്ങളും കലര്‍ന്നൊഴുകുന്നു. ഫ്രെഞ്ച്ഭാഷാ പണ്ഡിതനായ കൊയ്ചിന്റെ കവിതകളില്‍ യൂറോപ്യന്‍ കവിതയുടെ സവിശേഷതകളില്‍ ചിലത് സൂക്ഷ്മമായി സന്നിഹിതമായിരിക്കുന്നു.സര്റിയലിസതിന്റെ പ്രയോഗസാദ്ധ്യതകള്‍ കവിതകളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം.ഈകവിത ഏതു യുദ്ധകാലത്തും  യുദ്ധഭീതിയുടെ കാലത്തും മാനുഷികമായ ആധികള്‍ കൊണ്ട് പ്രസക്തി കൈവരിക്കുന്നു. പരിഭാഷയിലെ പരിമിതികളും പിഴവുകളും മനസ്സിലാകുന്നു . ഇത്രയേ കഴിയുന്നുള്ളൂ . അത്രമാത്രം.

യുദ്ധാവസാനം

അജ്ഞാതരുടെ
ആകാശം.

പറവകള്‍
താഴെയെത്തി.
മണ്‍പിളര്‍പ്പുകളില്‍  കൊത്തി.
മട്ടുപ്പാവുകള്‍ക്കു മീതെ
ചുറ്റിപ്പറന്നു.

അന്ധാളിച്ചവര്‍.
അഭയാര്‍ഥികള്‍ .

കല്ലുകഴിച്ചപോലെ
ആകാശം തലപൊക്കി.
പെട്ടെന്ന് ആധിയില്‍
മുങ്ങിപ്പോയി.

രക്തചൊരിച്ചില്‍
അവസാനിച്ചു.
പക്ഷേ ,ഇപ്പോഴും
എല്ലാ രക്തവും
ആകാശത്ത്
വട്ടം കറങ്ങുന്നു.

മണ്ണില്‍ നിന്നും
പയര്‍വള്ളികളും
ഉരുളക്കിഴങ്ങുകളും
ഭയന്നു മുളപൊട്ടുന്നു.

പൊടിയില്‍ പതിച്ച
സ്നേഹമുഖം പരതി,
സ്വന്തം നഷ്ടമുഖം തിരഞ്ഞ്‌,
അവന്‍ അലഞ്ഞു തിരിഞ്ഞു.

ഞാന്‍ ജീവിച്ച
പാപക്കറയുടെ വര്‍ഷങ്ങള്‍
ചാട്ടയടിച്ച്‌
കാതടപ്പിച്
കടന്നുപോയി.

കലണ്ടറുകള്‍
ചിറകറ്റ്
പറിഞ്ഞു വീണു.

മനുഷ്യര്‍
കാട്ടുപട്ടികളായി
കിടങ്ങുകളില്‍
കുത്തിയിരുന്ന്
കുഴഞ്ഞുതളര്‍ന്ന്
കരഞ്ഞുതീര്‍ത്ത
വര്‍ഷങ്ങള്‍.

 



No comments:

Post a Comment