Followers

Saturday, November 3, 2012

ഒരു പ്രണയ കവിത


ബെല്‍ജിയന്‍ കവിയായ ,സവിശേഷാര്‍ത്ഥത്തില്‍ 'വാലൂണ്‍ പ്രാദേശിക ഭാഷാഭേദ'ത്തിന്റെ കവിയായ ലൂയിസ് റെമാകിളിന്റെ (Louis Remacle) 'പ്രണയ കഥയെപ്പറ്റി' (On Love Story) എന്ന കവിതയുടെ വിവര്തനമാണിത്.1910-ല്‍ ജനിച്ചു.ഭാഷാ തത്ത്വ ശാസ്ത്രജ്ഞന്‍ (philologist) എന്ന നിലയിലുള്ള സംഭാവനകള്‍  നിസ്തുലം.ലീജ് സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗത്തിലെ പ്രൊഫെസ്സര്‍ ആയിരുന്നു.യാന്‍ ലൌവ്‌ലോകിന്റെ (Yann Lovelock) ഇംഗ്ലീഷ് പരിഭാഷയാണ് ഈ മലയാള വിവര്‍ത്തനത്തിന്റെ അടിസ്ഥാനം.മലയാള വിവര്‍ത്തനത്തില്‍ എന്തെങ്ങിലും പിഴവുകള്‍ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത് മലയാള ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള എന്റെ അറിവിലായ്മകൊണ്ട് സംഭവിച്ചു പോകുന്നതാണെന്ന് പറഞ്ഞു കൊള്ളട്ടെ.

പ്രണയ കഥയെപ്പറ്റി

നനുത്ത മുലകളോട്
ദയ തോന്നിയപ്പോള്‍
മട്ടുപ്പാവില്‍
മേഘങ്ങള്‍ നിറഞ്ഞു.

മേഘങ്ങള്‍ക്കിടയില്‍
തനിച്ചു നിന്ന നിനക്ക്
ചിറകുകള്‍ മുളച്ചു.

മരണം പതിയിരിക്കുന്ന
മൃദുലമായ കഴുത്തില്‍
മെല്ലെ ഉമ്മ വെച്ചപ്പോള്‍
വാതിലില്‍ മുട്ട് കേട്ടു.
വാതില്‍ തുറന്നപ്പോള്‍
വസന്തം അപ്പാടെ
അകത്തേക്കു വന്നു.

ആരുമില്ലാത്ത തീവണ്ടിയില്‍
ആരോരുമില്ലാതെ
അങ്ങനെ പാഞ്ഞു പോകുന്നു,
ആളൊഴിഞ്ഞ സ്റ്റേഷനുകള്‍ പിന്നിട്ട്.

ഭൂമിയിലെ മുഴുവന്‍ പൂക്കളേയും
കൂട്ടികൊണ്ട് നീ വരുമെന്നും
ഏതെങ്കിലും സ്റ്റേഷനില്‍
കാത്തു നില്‍ക്കുമെന്നും
 ഓടിക്കയറുമെന്നും
അരികില്‍ വന്നിരിക്കുമെന്നും.

നിന്നെ കണ്ടില്ല
നീവന്നില്ല.
പകരം ഇലപൊഴിയും കാലം വന്നു.
കലാപങ്ങള്‍ വന്നു.
കത്തിക്കരിഞ്ഞ തെരുവുകളും
പാതിവെന്ത മനുഷ്യരും
വന്നു കൊണ്ടേയിരുന്നു.

മഞ്ഞുമലകള്‍ക്കിടയില്‍
ആകാശം ചാഞ്ഞു കിടന്ന വഴിയില്‍
പുള്ളിക്കുത്തുള്ള കുടചൂടി
പാവക്കുട്ടിയെപ്പോലെ
നീ അകന്നു മറഞ്ഞു.

മഞ്ഞു കട്ടകള്‍ വാരിയെറിഞ്ഞ്
നീ പോയ വഴിത്താരയെ
ശരത്കാലം പെട്ടെന്നു മൂടിക്കളഞ്ഞു.

നിന്റെ വിരലുകള്‍
പതിഞ്ഞ പിയാനോ.
നീ പോയിട്ടും
അതു പാടിക്കൊണ്ടിരുന്നു.   

POEMS OF R. RAMACHANDRAN(From Malayalam)




A TRIBUTE TO R.RAMACHANDRAN MASTER

My meeting with Ramachandran master and the days spent with him in Kozhikode are one of the rare moments in my life.It seems that lucidity talks to obscurity in his poems.Little epics in which God,hills,stars darkness,light,shadows,flowers,horizon becomes characters.August 3, is his fifth death anniversary.
These poems are translated from Malayalam as a tribute to him.

SPECKS OF SENSE
I
Everything
bathes in the light.
Only this shred of shadow
sleeps in my lap.
I feel like crying aloud.
Where is my heart?
Is it in this chunk of shadow?
Is it in this bough
that wish to stretch
far off the horizon?
Is it in the evening star
about to wake?
II
I'm treading along
the bylanes
made by me.
That is my success.
All I think is
about the passers by
in the main road.
That is my failure.

IN THE BURIAL GROUND

My birds
went in search of me
came back to myself
not finding me.

In which inclines of dusk
the hues in their wings
have fallen dispelled?

In this winter's burial ground
days fall dead.
Stinking smell of
aged sky's rotten corpse roams.

Hence
No stars'll born.
The heart's sorrow of
the song can't be sung
listens-
Who is crying?

POEMS OF LAL LUKOSE (From Malayalam)




Lal Lukose is a bosom friend of ours. One ,with a different reading,different observations. He keeps strange interests in music and films. Outside our life of ease,his life too goes on in its clamor and turbulence. His solitary journey heads to an altitude and depth where our commonplace discussions on music, cinema and literature cannot reach. Lal is not a regular poet, Therefore his poems do not tire us like other poets who writes incessantly. Without doubt we can say that Lal is an adept who gives less attention to fame and fortune and we proudly present his poems.


I

SPIDER AND BEETLE

There was a spider and a beetle
Spider spun thread
From the spider's mouth
Grew ten thousand thread
Around the earth.

Beetle sung along the blooms.
When the beetle met the spider again,
Which was vaulting
From stars to stars And spinning the web
To trap the earth,
It didn't tell the hues it saw.
Spider and beetle went on as friends.

II

FISH


Fish kept in ice tastes less
Fish in the sea
Catches its prey,unmindful of its caste.

Whale's mouth is big
It can have only tiny water creatures.
Shark is dangerous
Eats everything.
Fishes precipitates in the shore
When the waves stir
In the rhythm of winds.
Fishes, livelihood of man.
Bargaining, another issue.

I went to the sea
In a night in Karkkidakam.
Sea, darkness.
Then I knew the deathly passion
Of darkness.

Dreams are like fishes.
They slip from reason.
Once reach the shore of vigor
They die out like poetry.
Sylvan trees.
Archaic trees.
Roar of lion.

Let me go back to the sea
Leaving flowers and old trees.
I'm a fishmonger.



*Karkkidakam is a period of monsoon;cloudy days , darkness are its features.

കുട്ടിക്കാലം /മൈക്കല്‍ ജാക്സന്‍





19995ല്‍ പുറത്തു വന്നHistory എന്ന ആല്‍ബത്തില്‍ മൈക്കല്‍ ജാക്സന്‍ തന്നെ എഴുതി പാടിയ പാട്ട് .ഏതെങ്കിലും ഒരു ജന വിഭാഗത്തിന്റെ കുട്ടികാലതിന്റെ ആഹ്ലാദങ്ങള്‍ നഷ്ട്ടപ്പെടുത്തുന്ന സാമൂഹിക ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ പാട്ട് സൂക്ഷ്മ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ ധര്‍മ്മം നിര്‍വഹിക്കുന്നുടെന്നു Music and Micro politics എന്ന കൃതിയില്‍ സംഗീത നിരൂപകയായ സാറാ ഫോക്നര്‍ .

എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
കടന്നു വന്ന
ആ കാലത്തെ
തേടുകയാണ് ഞാന്‍.
അതുകൊണ്ട് തന്നെ
എന്റെ ഹൃദയ നഷ്ടത്തിലും
നേട്ടത്തിലും നിന്ന്
ചകിതനായി
ചുറ്റും നോക്കുകയാണ് ഞാന്‍.

ആരും എന്നെ മനസ്സിലാക്കുന്നില്ല.
എല്ലാവരുമാതിനെ
വിചിത്രോനമാദങ്ങളായി കാണുന്നു. 
കാരണം ,
ഒരു കുട്ടിയെപ്പോലെ
കുട്ടിത്തത്ത്തോടെ
ഞാന്‍ അലഞ്ഞു തിരിയുകയാണ്
എങ്കിലും എന്നോട് ക്ഷമിക്കുക.
ഞാന്‍ ശരിയല്ലെന്ന്
ആള്‍ക്കൂട്ടം വിളിച്ചു പറയുന്നു.
കാരണം,
ഞാനെത്രയും ചെറിയ കാരങ്ങളെ സ്നേഹിച്ചു പോകുന്നു.
ഒരിക്കലും അറിയാതെ പോയ
ഒരു കുട്ടിക്കാലത്തിനായി
പ്രയാചിത്തം ചെയ്യേണ്ടത്
എന്റെ വിധി.

എന്റ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
എന്റെ യുവത്വത്തില്‍
ആ അത്ഭുതത്തെ
തിരയുകയാണ് ഞാന്‍.
സാഹസിക സ്വപ്നങ്ങളിലെ
കടല്‍ കൊള്ളക്കാരെ പോലെ ,
സിംഹാസനാരൂഡരായ
രാജാക്കന്മാരെ പോലെ
കീഴടക്കലുകള്‍ പോലെ.

എന്നെ വിലയിരുത്തും മുന്പ്
അഗാധമായി
എന്നെ സ്നേഹിക്കാന്‍ ശ്രമിക്കുക.
നിങ്ങളുടെ ഹൃദയത്തിന്റെ
ആഴത്തിലേക്ക് നോക്കി ചോദിക്കുക.
എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ചെറിയ കാര്യങ്ങളെ
സ്നേഹിച്ചു പോകയാല്‍
ഞാനൊരു വിചിത്രതയാനെന്നു
ആള്‍ക്കൂട്ടം പറയുന്നു.
ഒരിക്കലും അറിയാതെ പോയ
കുട്ടിക്കാലത്തിനായി
പ്രായചിത്തം ചെയ്യുക.
ഇതെന്റെ വിധി.

എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ?
എന്റെ യുവത്വത്തില്‍
ആ അത്ഭുതത്തെ
തേടുകയാണ് ഞാന്‍ .
പങ്കു വെക്കപ്പെട്ട
വിസ്മയ കഥകള്‍ പോലെ
സധൈര്യം കാണും
കിനാക്കള്‍ പോലെ
ഞാന്‍ പറന്നു പോകുന്നത് കാണുക.

എന്നെ വിലയിരുത്തും മുന്പ്
ആത്മാര്‍ത്ഥ മായി
എന്നെ സ്നേഹിക്കാന്‍ ശ്രമിക്കുക.
എന്റെ ആതുരമായ
യൌവനകാലത്തെ .

എന്റെ കുട്ടിക്കാലം
നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

യുസ്തിന്‍ പാന്ത




യുസ്തിന്‍ പാന്ത (Iustin Panta-1964-2001):റുമാനിയന്‍ കവി.വിശാലവും സ്വതന്ത്രവുമായ വീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്ന 'യുഫോരിയന്‍' എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു.മുഖ്യധാര തിരസ്കരിച്ച നിരവധി എഴുത്തുകാരുടെ കൃതികള്‍ ഈ പ്രസിധീകരനത്ത്തിലൂടെ പ്രകാശിപ്പിക്കപ്പെട്ടു.Blown up object,Hand book of thoughts that disturb തുടങ്ങിയ കൃതികള്‍ .ഒരുതരം വിമത സ്വഭാവം കവിതകളുടെ അന്തര്‍ധാരയില്‍ കാണാനാവും.Radu Andriescu-നെ പോലുള്ള നിരൂപകര്‍ പോസ്റ്റ് മോഡേണ്‍ റുമാനിയന്‍ കവിതയിലെ ശ്രേദ്ധയരായ കവികളില്‍ ഒരാളായി പാന്തയെ വിലയിരുത്തിയിട്ടുണ്ട്.Prose Poetry-യുടെ വക്താവായിരുന്ന അയാള്‍ ശ്ളഥ താളങ്ങളും പരീക്ഷിച്ചു.2001-ല്‍ വാഹനാപകടത്തില്‍ പെട്ട് അകാലത്തില്‍ മരണമടഞ്ഞു.അയാളുടെ Minstrels എന്ന കവിതയുടെ മലയാള ഭാഷാന്തരമാണിത്.മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ തീരെ പരിജ്ഞാനമില്ലാത്ത ഒരാളുടെ പരിഭാഷയുടെ എല്ലാ കുഴപ്പങ്ങളും പിഴവുകളും ഇതിനുണ്ടാകുമെന്നു പറഞ്ഞു കൊള്ളട്ടെ.കവികളെക്കാളും എഴുത്തുകാരെക്കാളുംആഴത്തിലും പരപ്പിലും ലോകകവിതയും ഇന്ത്യന്‍ കവിതകളും മലയാള കവിതകള്‍ തന്നെയും വായിക്കുന്ന നിശബ്ദരുംപ്രശസ്തി വിമുഖരുമായ ഒരുപാട് വായനക്കാര്‍ കേരളത്തിലുണ്ട് .അവര്‍ക്ക് മുന്നില്‍ പരിഭാഷകന്റെ ഗീര്‍വാണങ്ങള്‍ക്ക് ഒരു പ്രസ്ക്തിയുമില്ലെന്നു ഞാന്‍ കരുതുന്നു.
സ്തുതിപാടകര്‍

പെരുകും സൂത്രശാലികളേ,
പെരിയ സ്തുതിപാടകരേ,
ദുസ്വഭാവം തരിമ്പു പോലും
തീണ്ടാത്തവരേ,

പെരുത്ത ചന്തയില്‍
നിങ്ങള്‍ക്കെന്നും
വിലയും മതിപ്പുമേറുന്നു.
പത്രത്താളില്‍ ടെലിവിഷനില്‍
തിളങ്ങിമിന്നുന്നു.

കൂരിരുള്‍ തിങ്ങുമുഷസ്സുകള്‍
നിങ്ങള്‍ കൂവിക്കൂവിയടിച്ചേല്പ്പിക്കും
കൂടെക്കൂവാത്തവരെപ്പോലും.

നിങ്ങള്‍ വെട്ടിയടക്കും ലോകം
നിങ്ങള്‍ മാത്രം വാഴും ലോകം
അവിടെ സ്വയമവരോധിക്കുന്നു
അധികാരരത്തില്‍ നിങ്ങള്‍.

നിങ്ങള്‍ കാണാ മറയത്ത്
മുള്കള്ളിച്ചെടികള്‍ പോലെ
ചെമ്മേ വളരുന്നു ,
ചെറു ചെറു തെമ്മാടിക്കൂട്ടം

കറുത്തു പൊള്ളിയ ചുണ്ടുകളില്‍
പകലൊരു സിഗരറ്റാക്കിത്തിരുകി
കത്തിച്ചു വലിച്ചൂതുന്നു ,
കൂത്താടുന്നു,
കിരീടമാക്കുന്നു പുകപടലത്തെ .

നക്ഷത്ര പ്പാത്രങ്ങള്‍ നിരത്തി
പാതിരയെ പൊട്ടിച്ചു പകര്‍ന്ന്
പതുക്കെ മോന്തിപ്പാടുന്നു,
ഉന്മാദത്താലെഴുതുന്നു ,
പുത്തന്‍ പുതുകാലത്തെ.

നരകത്തില്‍ നിന്നുമെടുത്ത
പലവര്‍ണ്ണ ക്കല്ലുകള്‍ കൊണ്ട്
വീടുകള്‍ കൂടുകള്‍ ദേശം ഭാഷകള്‍
പലതും പല മട്ടിലൊരുക്കി.

ഭൂമിയിലെ കിളികള്‍ക്കെല്ലാം
അവ നല്‍കിയൊളിച്ചുകളിക്കാന്‍ .
ഭൂമിയിലെ കാടിന്നെല്ലാം
അവ നല്‍കീ ,മൂടിപ്പൊതിയാന്‍ .

ആകാശക്കാലുകളില്‍
അവയെല്ലാം കൊളുത്തിയിട്ട്
അതിരില്ലാതെ പറക്കാന്‍
അവയെല്ലാം വിട്ടു കൊടുത്ത്
തെമ്മാടികള്‍ പോകുന്നൂ ,
നോക്കെത്താ ദൂരത്തോളം .

സല്സ്വഭാവിക ളാകുന്നവരെ,
സര്വലോകപാലകരെ ,
നിങ്ങള്‍ പോയിപ്പണി നോക്കിന്‍
ആര്‍ക്കു വേണം നിങ്ങടെ സ്വര്‍ഗം !
പൊള്ളയായ തിളക്കം !!

മൂന്നു പെണ്‍ കവിതകള്‍




Deborah Keenan,Roseann Lloyd എന്നിവര്‍ എഡിറ്റു ചെയ്ത Looking for Home: Women Writing about Exile എന്ന കാവ്യ സമാഹാരത്തിലെ കവിതകളുടെ വിവര്ത്തനമാണിത്.പല മാതൃഭാഷ സംസാരിക്കുന്ന, വിവിധ ദേശക്കാരായ ,സ്ത്രീയെഴുത്തുകാരുടെ ഇംഗ്ലീഷ് കവിതകളാണ് ഈ പുസ്തകത്തില്‍ .കവയിത്രികള്‍ അതിപ്രശസ്തരല്ല.എന്നാല്‍ അതിശയിപ്പിക്കുന്ന ചില കവിതകളെങ്കിലും ഇതിലുണ്ട്.കവിതകള്‍ മലയാളത്തില്‍ വായിക്കുമ്പോള്‍ അതിശയം തോന്നുന്നില്ലെങ്കില്‍ അതെന്റെ വിവര്‍ത്തനത്തിലെ വികല്‍പ്പങ്ങള്‍ കൊണ്ട്.വികല്‍പ്പങ്ങള്‍ക്ക് മാപ്പു തന്ന്‌ കവിത വായിക്കാന്‍ എല്ലാ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.

റഷ്യ 1914/ബോലിന1988 
ഗെയ്ല്‍ ഷഫര്മന്‍ (Gail Shafarman)
(കവയിത്രി.പക്ഷിസ്നേഹി .സമുദ്രനിരീക്ഷക.'ദി ലിറ്റററി റിവ്യൂ' ,'എഡ്ജ് വിംഗ് പ്രസ്‌ 'എന്നിവയില്‍ കവിതകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് )

എന്റെ ജനാലയില്‍ കൂടി
അല്‍പമകലെ
എനിക്ക് കടല്‍ കാണാം.

യൂകാലിപ്സ് മരത്തില്‍
പക്ഷികള്‍ ഭ്രാന്തമായി കരഞ്ഞു.

പിന്നീട് കടല്തീരത്ത്തിലൂടെ നടന്ന്‌
കക്ക,ചിപ്പി,ഞണ്ടിന്റെ പുറംതോട്
പക്ഷിയുടെ തലയോട് എന്നിവ പെറുക്കി.
അവയെല്ലാം പ്ളാസ്റ്റിക് ബാഗുകളില്‍ ശേഖരിച്ചു .
അവയുടെ ദുര്‍ഗന്ധം വായുവില്‍ നിറം കലര്‍ത്തി .

അങ്ങകലെ  മറ്റൊരിടത്ത്
എന്റെ മുത്തശ്ശി ഉറങ്ങുന്നു .
സ്വപ്നത്തില്‍ കൊസ്സാക്കുകള്‍
അവരെ മുറിപ്പെടുത്തി.
ആടിന്റെ മണവും രക്തവും പുരണ്ട്
മുഷിഞ്ഞ കോട്ടു ധരിച്ച കൊസ്സാക്കുകള്‍.
അവര്‍ അവരുടെ പരുക്കന്‍ കൈകള്‍ കൊണ്ട്
വാതില്‍പ്പടിയില്‍ കത്തികള്‍ ഉരച്ച് മൂര്‍ച്ച കൂട്ടി .
മുത്തശ്ശിയുടെ കഴുത്ത് മൃദുലമായിരുന്നു.
അവരുടെ മാംസം വെളുത്ത മാവ് പോലെ മൃദുലം .

പുറത്ത് മഞ്ഞാണ്.
മഞ്ഞു പെയ്യുകയാണ് .
ഈ വീടും മഞ്ഞില്‍
മൂടപ്പെടും.
വംശാവലി
ജോവന് ലാര്‍ക്കിന്‍  (Joan Larkin)
(സത്യസന്ധവും ശക്തവുമായ കവിതകളില്‍ കൂടി സാന്നിധ്യം അറിയിച്ചു.House work ആദ്യ പുസ്തകം.)

ഞാന്‍ മദ്യത്തില്‍ നിന്നാണ് വരുന്നത്.
വാതകത്ത്തിലേക്ക് തീപ്പൊരിയെന്ന പോല്‍
ഞാനതില്‍ ആകര്‍ഷിക്കപ്പെട്ടു.
മൌനിയായി ഞാനതിലേക്കു വീണു.
ഇഷ്ട്ടമുള്ളത് മായ്ച്ചു കളയാന്‍
 ഞാനതിനെ അനുവദിച്ചു.
ഞാനതിനൊപ്പം കളിവീട് കെട്ടി .
വസ്ത്രം ധരിപ്പിക്കാനും
 ഊരിമാറ്റാനും അനുവദിച്ചു.
ഞാന്‍ ഉല്ലസിച്ചു .
ക്ഷമാപണം ചെയ്തു.
ഞാനതിനെ വിവാഹം കഴിച്ചു.
അതെവിടെ പോയാലും ഞാനനുഗമിച്ചു.
ഞാനതിന് ജന്മം നല്‍കി.
ഞാന്‍ അതിനോടൊപ്പം
നരഹത്യക്ക്  മുതിര്‍ന്നു.
ഞാനതിനായി തീന്‍ മേശയൊരുക്കി.
 വാഗ്ദാനങ്ങള്‍ പാലിച്ചു.
അതിനിഷ്ട്ടമുള്ള ഇടത്ത്
ഞാന്‍ കൂടെ താമസിച്ചു,
അടുക്കളയില്‍
കിടക്കക്കടിയില്‍
അലക്കുകടയില്‍
ഊഞ്ഞാലില്‍
കാറിന്റെ പിന്‍സീറ്റില്.
തകര്‍ന്ന ഞാന്‍ ‍ അതിനൊപ്പം ടി.വി.കണ്ടു .
മദ്യഗ്ളാസ്സില്‍ കത്തിയെരിഞ്ഞ്‌
അരുണവര്‍ണ്ണം പൂണ്ട അതിനോടൊപ്പം
ഞാനുമിരുന്നു.
മദ്യക്കടയില്‍ നിരയൊപ്പിച്ച്
അതിനൊപ്പം ഞാനും നിന്നു.
വാരാന്ത്യനിശബ്ദതയില്‍
മുഖം മിനുക്കവേ മങ്ങിയ നിലക്കണ്ണാടിയില്‍
പൊട്ടിയ ചില്ലുപാത്രത്തില്‍
വലിച്ചടച്ച കാറ്ഡോറില്‍
മരണപ്പെട്ട ഭര്‍ത്താവില്‍
സ്നേഹത്തില്‍ ഞാനതിനെ കണ്ടു.
കീറിപ്പറിഞ്ഞ പുസ്തകങ്ങളില്‍ മദ്യം.
ശൂന്യമായ കണ്ണാടിയില്‍ മദ്യം.
എന്റെ തലമുറ മദ്യത്തില്‍ നിന്നുള്ളവരാണ് .
അങ്ങനെയാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

അഭയാര്‍ഥികള്‍ 
ജുഡി എഫ്. ഹാം (Judy F. Ham)
(1989-ലെ ലൂസിയന്‍ സ്റ്റിക്ക് അവാര്‍ഡ് ജേതാവ്.കവിതകള്‍ 'റിനോ ','ദി റെക്റ്റാംഗിള്‍ ','ടവേഴ്സ് 'എന്നിവയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.)

 തന്റെ മേപ്പിള്‍ മരങ്ങളില്‍
കൂടുകൂട്ടിയ കുരുവികളെ
പഴയ പലകക്കഷ്ണം വീശി
 അച്ഛന്‍ ഓടിച്ചു കളഞ്ഞു,
കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുമ്പേ തന്നെ.

'ഭയങ്കര ശല്യമാണ് ,നാശം'
അച്ഛന്‍ പിറുപിറുത്തു .
തുടര്‍ച്ചയായി മൂന്നു പ്രഭാതത്തില്‍
നേര്‍ത്ത ചില്ലയിലെ കൂട്
അച്ഛന്‍ ഇളക്കിക്കളഞ്ഞു.

പക്ഷികള്‍ പറന്നു പോയി.
അച്ഛന്‍ എന്നെ നോക്കി.

തിടുക്കത്തില്‍
ഞാനെന്റെ സ്കേറ്റസ് ,
സ്കൂളിലെ ജോഗ്രഫി മാപ്പ്
എന്നിവ പെറുക്കിപ്പൊതിഞ്ഞു.
ആ പക്ഷികളെപ്പോലെ ഞാനും യാത്രയായി,
ഫ്ളോറിഡയിലേക്ക് ,
ഞങ്ങളുടെ പഴയ പച്ച സെഡാന്‍ കാറില്‍ .

എന്റെ കുഞ്ഞുങ്ങളെ
ഒരിക്കലും ഞാന്‍
വീട്ടിലേക്ക് കൊണ്ടുവന്നില്ല.   

വരയില്‍ ഒരു പാഠം/നിസാര്‍ ഖബ്ബാനി




തുടക്കത്തില്‍ കാല്‍പ്പനികം . പില്ക്കാലത്ത് അധികാര വിരുദ്ധം . പിന്നെപ്പിന്നെ  അന്തര്‍ദേശീയം . ഈവിധം വികസിതമാകുന്ന കാവ്യാവബോധത്തിലേക്കും കാവ്യ സമീപനത്തിലേക്കും കാഴ്ചകളിലേക്കും എഴുത്തുരീതികളിലേക്കുമുള്ള സഞ്ചാരം നിസാര്‍ ഖബ്ബാനി (Nizar Qabbani (1923-1998) യുടെ കവിതകളില്‍ കാണാമെന്നു തോന്നുന്നു . ജീവിച്ച ജീവിതം കൊണ്ട് വലിയ മനുഷ്യസ്നേഹിയായും എഴുതിയ കവിതകള്‍ കൊണ്ട് ലോകമെംപാടുമുള്ള വേദനിക്കുന്ന മനുഷ്യരെ പ്രതിനിധീകരിക്കുന്ന കവിയായും ഖബ്ബാനി പരിഗണിക്കപ്പെടുന്നു.

ഖബ്ബാനിയുടെ A Lesson In Drawing എന്ന കവിതയുടെ വിവര്‍ത്തനമാണിത്  . ഒരു പക്ഷേ,ഗദ്യത്തില്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്ന വിവര്‍ത്തനം ഇവിടെ ചെയ്തിരിക്കുന്നത്   'കേക'വൃത്തത്തിന്റെ ഒരു ടോണിലാണ് . ഒരു വികൃതി . ഒരു കുസൃതി .അല്പ്പം സ്വാതന്ത്ര്യം എടുത്തിട്ടുണ്ട് . വിശദാംശങ്ങള്‍ ചിലത് ഒഴിവാക്കി . അല്ലറ ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി . അപ്പോഴും കവിതയുടെ അടിസ്ഥാന ആശയത്തിന് ഭംഗം വരുന്ന ഒന്നും ചെയ്യരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു.അതില്‍ വിജയിച്ചുവോ എന്നറിയില്ല . സത്യത്തില്‍ ,വലിയ പണ്ഡിതന്മാരും വലിയ കവികളും വലിയ വായനക്കാരുമാണ്  കാവ്യ വിവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് . ഇതിലൊന്നും പെടാത്ത ഒരാള്‍ ചെയ്ത എളിയ ശ്രമമായി ഈ വിവര്‍ത്തനത്തെ കണ്ടാല്‍ മതി . ഏതെങ്കിലും കവിത വിവര്‍ത്തനം ചെയ്യാനുള്ള അര്‍ഹതയോ അറിവോ ഇല്ലാത്ത ഒരാള്‍ കവിതയോടുള്ള  സ്നേഹം കൊണ്ടു മാത്രം ചെയ്തുപോയ സാഹസമാണിത് .വിവര്‍ത്തനം വായിച്ച കേടു തീര്‍ക്കാന്‍ കവിത ഇംഗ്ളീഷില്‍ വായിക്കാം.

വരയില്‍ ഒരു പാഠം
നിസാര്‍ ഖബ്ബാനി

എന്‍ മുന്നില്‍ ചായപ്പെട്ടി
വെച്ചുകൊണ്ടെന്‍റെ മകന്‍
ആവ്ശ്യപ്പെടുന്നെന്നോ-
ടവനുവേണ്ടിയൊരു
കിളിതന്‍ ചിത്രമൊന്നു
വരച്ചു കൊടുക്കുവാന്‍.

അഴികള്‍,പൂട്ടുകളു-
മുള്ളൊരു ചതുരം ഞാന്‍
വരക്കു,ന്നതിശയം
അവന്റെ കണ്ണുകളില്‍ .

ഇതൊരു തടവറ-
യാണല്ലോ ഉപ്പാ ,എന്താ
വരയ്ക്കാനറിയില്ലേ
ഒരൊറ്റക്കിളിയെയും .

പൊറുക്കൂ മോനേ ,യവ-
നോടു ഞാന്‍ പറയുന്നു
പക്ഷികളുടെ രൂപം
ഞാന്‍ മറന്നിരിക്കുന്നു.

ഗോതമ്പു ചെടിയൊന്നു
വരയ്ക്കാന്‍ പറയുന്നു
വരപ്പുസ്തകം മുന്നില്‍
വെച്ചു കൊണ്ടെന്റെ മകന്‍.

പേനകൊണ്ടൊരു തോക്ക്
ഞാന്‍ വരയ്ക്കുന്നു,യെന്‍റെ
അറിവില്ലായ്മ കണ്ടു
കളിയാക്കുന്നു മകന്‍.

അറിയില്ലല്ലേ ഒരു
ഗോതമ്പുചെടി,യൊരു
തോ,ക്കിവ തമ്മിലുള്ള
വ്യത്യാസം അല്ലേ ഉപ്പാ.

ഞാനവനോടു പറ-
ഞ്ഞൊരിക്കല്‍ മോനേ,
എനിക്കറിയാമായിരുന്നു
ഗോതമ്പുചെടിരൂപം .

അറിയാമായിരുന്നു
റൊട്ടിക്കഷണത്തിന്‍ രൂപം
അറിയാമായിരുന്നു
റോസാപ്പൂവിന്റെ രൂപം.

പക്ഷേ,യീ കഠിനമാം
കാലത്തില്‍ കാടുകളില്‍
മരങ്ങള്‍ പോരാളിക-
ളോടു ചേര്‍ന്നിരിക്കുന്നു.

റോസാപ്പൂവുകള്‍ പട-
ച്ചട്ടകളണിയുന്നു;
മ്ളാനമാം പടച്ചട്ട.

ആയുധം ധരിക്കുന്ന
ഗോതമ്പുചെടികളും
സായുധര്‍ പക്ഷികളും
സായുധം മതങ്ങളും
സായുധം സംസ്കാരവും .

ഇക്കാലത്തുള്ളിലൊരു
തോക്കു കണ്ടെടുക്കാതെ
വാങ്ങിക്കാന്‍ കഴിയില്ല
റൊട്ടിത്തുണ്ടൊന്നു പോലും.

മുള്ളുകള്‍ മുഖത്തിനു
നേര്‍ക്കുയരുന്ന നില-
യ്ക്കല്ലാതെ നിലത്തുനി-
ന്നൊരൊറ്റ റോസാപ്പൂവും
പറിക്കാനൊക്കുകില്ല.

പറ്റില്ല വിരലുകള്‍-
ക്കിടയില്‍ പൊട്ടിത്തക-
രാത്തൊരു പുസ്തകവും
വിലക്കു വാങ്ങിക്കുവാന്‍.

എന്റെ കിടക്കയുടെ
അരികിലിരുന്നെന്റെ
മകനെന്നോടാവശ്യ-
പ്പെടുകയാണ് ഒരു
കവിത വായിക്കുവാന്‍.

വീഴുന്നു കണ്ണില്‍ നിന്നും
തലയിണയിലേക്ക്
കണ്ണുനീര്‍ത്തുള്ളി ,യത്
നക്കിയെടുത്തൂ മകന്‍.

കണ്ണീരാണുപ്പാ,ഇത്
കവിതയല്ല,സ്തബ്ധ-
നായവന്‍ പറയുന്നു.

ഞാനവനോടു പറ-
യുന്നെന്റെ മകനേ നീ
വളര്ന്നു മുതിരുമ്പോള്‍
അറബിക്കവിതത്ന്
ഏടുകള്‍ വായിക്കുമ്പോള്‍

വാക്കും കണ്ണുനീരിന്റെ
തുള്ളിയും ഇരട്ടക-
ളാണെന്നു തിരിച്ചു നീ-
യറിയും;എഴുതുന്ന
വിരല്‍കള്‍ കരഞ്ഞൊന്നു
വീഴ്ത്തിയ കണ്ണീരിനെ-
ക്കാള്‍ കവിഞ്ഞൊന്നുമല്ല
അറബിക്കവിതയും
എന്നതുമറിയും നീ.

അവന്റെ ചായപ്പെട്ടി
അവന്റെ പേനകളും
എന്‍ മകനെന്റെ മുന്നില്‍
വെയ്ക്കുന്നു;അവന്നായി
സ്വദേശം വര്‍യ്ക്കുവാന്‍
എന്നോടായ് പറയുന്നു.

ബ്റെഷെന്‍റെ കയ്യില്‍
വിറയ്ക്കുന്നു ഞാന്‍
കരയുന്നു കുഴഞ്ഞു
വീഴുന്നു ഞാന്‍.

അനുപമ ബസുമോതാരിയുടെ കവിത




സമകാല ആസ്സാമീസ് കവിതയിലെ ശ്രദ്ധേയരും പുതിയ ആസ്സാമീസ് കവിതയെ മുന്നോട്ടു നയിക്കുന്നതില്‍ സജീവമായ പങ്കുവഹിക്കുന്നവരുമായ രാം ഗോസ്വാമി(Ram Goswami) ,അര്‍ച്ചന പൂസാരി (Archana Puzari) ,ധ്റൂബകുമാര്‍ താലൂക്ദര്‍ (Dhruba Kumar Talukdar) ,രാജീബ് ബര്‍മ (Rajib Barma) ,ലക്ഷ്യ കുമാര്‍ ഹാണ്ഡിക് (Lakshya Kumar Handique) ,എല്ലി അഹമദ് (Ellie Ahmed) ,സഞ്ചിത ബോറ (Sanchita Bora) തുടങ്ങിയവര്‍ക്കിടയിലെ സവിശേഷ സ്വരമാണ് അനുപമ ബസുമോതാരി (Anupama Basumotary ) യുടേത് . ഇതിനകം മൂന്നു കവിത സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ബസുമോതാരി യുടെ കവിതകള്‍  പ്രാദേശികവും നാടോടിയുമായ കാവ്യ പാരമ്പര്യത്തെ പുതു രീതിയില്‍ സ്വാംശീകരിക്കുന്നവയാണ് . ഗോത്രവര്‍ഗ സാനിധ്യവും മലകളും താഴ്വരകളും പുല്‍മേടുകളും നിറഞ്ഞ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള കവിതകളില്‍ അന്തര്‍ഗതമായിരിക്കുന്ന ഭാവപ്രഞ്ചത്തെ പൊതുവില്‍ പങ്കു വെക്കുമ്പോള്‍ തന്നെ നിശിതമായ പുതുസൌന്ദര്യ ബോധം കൊണ്ടും സൂക്ഷ്മ സാമൂഹിക ബോധം കൊണ്ടും തീക്ഷ്ണമായ വൈയക്തികവിതാനങ്ങള്‍ കൊണ്ടും ബസുമോതാരിയുടെ കവിതകള്‍ വേറിട്ടു നില്ക്കുന്നു . ബസുമോ താരിയുടെ Sculptor എന്ന കവിതയുടെ വിവര്‍ത്തനമാണ് താഴെ . കവിതയുടെ എല്ലാ മേന്‍മകളും കവയത്രിക്ക്  അവകാശപ്പെട്ടത് . കവിതയുടെ എല്ലാ വീഴ്ചകളും വിവര്‍ത്തകന്‍റേത് .  കവിതയിലേക്ക് വായനക്കാരെ സ്നേഹത്തോടെ ക്ഷണിക്കുന്നു.          

കൊത്തുപണിക്കാരന്‍
അനുപമ ബസുമോതാരി

കല്‍വസ്ത്രമണിഞ്ഞു.
കല്ലാഭരണവിഭൂഷിതയായി.

എനിക്കു മിണ്ടാനായില്ല
കല്‍ച്ചുണ്ടുകള്‍ കൊണ്ട്.

അവന്‍ വന്നെന്നെ
പതുങ്ങി നോക്കി,
എന്റെ കൊത്തിയടര്‍ന്ന
പ്രാചീനശരീരത്തില്‍.

പിന്നവവന്‍
അതിമൃദുലം തൊട്ടു,
എന്റെ മുലകളില്‍
ചുണ്ടുകളില്‍
കണ്ണുനീരില്‍.

കല്ലുടലില്‍ നിന്നും
എന്നെ പറിച്ചെടുത്ത്
മറ്റൊരു കല്‍ത്തുണ്ടില്‍
അവനെന്നെ കൊത്തിയെടുത്തു.

അവന്റെ കൈകളുടെ
മാന്ത്രിക സ്പശത്തില്‍
രണ്ടുള്‍ക്കയങ്ങളുടെ  ഒന്നാകലില്‍
എന്റെ കല്‍ഹൃദയം
മിടിക്കാന്‍ തുടങ്ങി.

എന്റെ രണ്ടു കൈകളും നീട്ടി
ഞാനവനെ പുണര്‍ന്നു.

പിന്നെ,
ഞാനൊരു സ്ത്രീയായി.




ജാപ്പനീസ് കവിതകള്‍




ലോകമഹായുദ്ധത്തിന്റെ പില്‍ക്കാലം കണ്ട ജാപ്പനീസ് കവികളില്‍ ശ്രദ്ധേയനാണ് അമാനോ തദാഷി (Amano Tadashi-1909-1993).  തനികാവ ഷുന്‍താരോ (Tanikawa Shuntaro) , ഇയ്ജിമാ കൊയ്ചി (Iijima Koichi) , യാമസാകി ഐജി (Yamazaki Eiji ),ഇഷിഹരാ യോഷിരോ (Ishihara Yoshiro),കിസരാഗി മകോട്ടോ (Kisaragi Makoto), കിട്ടമുര താരോ (Kitamura Taro)...തുടങ്ങിയ കവികള്‍ക്കൊപ്പം  യുദ്ധത്തിന്റെ വിനാശകരമായ പിടചിലുകളെ കവിതയില്‍  പിടിച്ചിട്ട കവിയാണ്‌ തദാഷി . അതിസൂക്ഷ്മതയുടെ അക്ഷീണജാഗ്രത കവിതയില്‍ വ്യത്യസ്തതയെ വ്യഞ്ജിപ്പിക്കുന്നു .ചിലപ്പോള്‍ നിത്യ ജീവിതത്തിലെ നര്‍മ്മസന്ദര്‍ഭങ്ങള്‍ തദാഷിയുടെ കവിതകളില്‍ നിരതിശയമാംവിധം നിശിതമായി .  മറ്റു ചിലപ്പോള്‍ ആ കവിത മാന്ത്രികസ്വപ്നങ്ങളുടെ മായികലോകത്ത്‌ ,വിദൂരത്തില്‍ തനിച്ചു തെളിയുന്ന നക്ഷത്രത്തെ ഓര്‍മ്മിപിച്ചു . അതേ സമയം യുദ്ധാനന്തര ജാപ്പനീസ് കവിതയുടെ മുഖ്യധാരയോട് എല്ലായ്പ്പോഴും വിമുഖമായി.  നേരിട്ട് പറയുകയല്ല ,നേരിട്ടതിന്റെ ഞടുക്കം കൊള്ളിക്കുന്ന പ്രകംപനങ്ങളെ ആഴത്തില്‍ പിടിച്ച കണ്ണാടിയില്‍ നിശബ്ദമാക്കി കാട്ടിത്തരുന്ന കവിതകളാണ് തദാഷിയുടേത് . നരകത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ വരുന്ന  സ്നേഹം  (Love that comes from hell to earth ) എന്ന് യൂകിയോ മിഷിമയും  ഒച്ചയില്ലാത്ത മാരകയാഥാര്‍ഥ്യം (silent deadly reality) എന്ന് കസുവോ ഇഷിഗുരോയും തദാഷിയുടെ കവിതകളെ വിശേഷിപ്പിച്ചത്‌ ആ കവിതകളുടെ സവിശേഷതയെ തിരിച്ചറിഞ്ഞു കൊണ്ടാവണം . വിവര്‍ത്തനത്തിന്റെ പരിക്കുകളെ പാടേ മറന്നുകൊണ്ട് കവിത വായിക്കാന്‍ വായനക്കാരെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

അമാനോ തദാഷിയുടെ കവിതകള്‍


അപൂര്‍ണം

മരിച്ചയാള്‍
മണ്ണിനോട്
കൊല്ലപ്പെട്ടയാള്‍
ചോരയോട്
പ്രണയിച്ചയാള്‍
ആകാശത്തോട്

ഒരിക്കലും
പൂക്കാതതവ.
പൂര്ത്തിയാകാത്തവ .

വായന

കാട്ടില്‍
ഉടഞ്ഞും
അടിഞ്ഞും
നിലാവ് .

നഗരത്തില്‍
പിരിഞ്ഞും
പിണഞ്ഞും
വെയില്‍ .

കടലില്‍
നുരഞ്ഞും
പതഞ്ഞും
സന്ധ്യ.

വായിക്കുംതോറും
പേജുകള്‍ പെരുകുന്ന
പുസ്തകത്തില്‍
ഓരോ താളിലും
നിലാവ് .
വെയില്‍ .
സന്ധ്യ.

വിതുമ്പല്‍

ഒറ്റപ്പുല്ച്ചെടിയില്‍
ഒരിക്കല്‍ ജീവിച്ചു ,
ഒരു ഷഡ്പദം,
ഒരു സിരാരോഗി.

അതിവിശാലമായ
അതിവലുതായ
ഈ ലോകത്തെ
ഏറ്റവും ചെറിയ ജീവി.

ജീവിതം നീളെ
കാറ്റിനെ പേടിച്ചവന്‍.

കാറ്റില്‍ നിന്നും
തെറ്റിക്കഴിയാന്‍
അവന്‍ കുഴിച്ചു ,
വിയര്‍ത്തും
കിതച്ചും
ഒരു മാളം.

മാളം തീരാന്‍
ഒരു വര്‍ഷമെടുത്തു.

അവന്‍ സസന്തോഷം
ആ മാളത്തില്‍ കഴിയുമ്പോള്‍
അതിവിശാലമായ
അതിവലുതായ
ഈ ലോകത്തെ
ഏറ്റവും മൃദുവായ
തെല്ലിളംകാറ്റ്
മെല്ലെയിളകി.

ആ കാറ്റ്
ആ മാളത്തിലേക്ക്
ഒരു പൊടിമണല്‍തുള്ളി
വീശിയിട്ടു.

അതിവിശാലമായ
അതിവലുതായ
ഈ ലോകത്തെ
ഏറ്റവും  ചെറുതും
ആര്ദ്രവുമായ
വിതുമ്പല്‍ വിതുമ്പിക്കൊണ്ട്
ആ ഷഡ്പദം
മരണമടഞ്ഞു.

അമ്മ . അമ്മയെക്കുറിച്ചൊരു കവിത




സുഹൃത്തിന്റെ വീട്  .  വീട്ടില്‍ ചെല്ലുമ്പോഴൊക്കെ തോന്നും . അമ്മയും മകനും പരസ്പരം മനസ്സിലാക്കുന്നതേയില്ല  .  അമ്മയും മകനും  .  കീരിയും പാമ്പും പോലെ .  അമ്മ മകനെ കടിച്ചു കീറും .  മകന്‍ അമ്മയേയും  .  വാക്കുകള്‍ കൊണ്ടാണ് . ഒടുവില്‍ അമ്മ കരയും  .  കലങ്ങിത്തെറിച്ച് മകന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും  .  അമ്മ കാത്തിരിക്കും  .കലങ്ങിത്തെളിയുമ്പോള്‍ മകന്‍ മടങ്ങി ചെല്ലും .   അയാള്‍ക്ക്‌  സഹോദരനുണ്ട്  .  സഹോദരിമാരും  .  അയാളുടെ  അമ്മ  ഈയിടെ ലോകം വിട്ടു പോയി  .  അയാള്‍ തിരിച്ചറിയുന്നു  .  അമ്മയില്ലാത്ത വീട്  വീടല്ല  . ഇടയ്ക്കിടെ നാട്ടില്‍ പോകാതിരുന്നാല്‍ ശ്വാസം മുട്ടിയിരുന്ന അയാള്‍ .  ഇപ്പോള്‍ അയാള്‍ നാട്ടില്‍ പോകുന്നത് വര്ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം .   അയാള്‍ പറയുന്നു  .   അമ്മയില്ലാത്ത നാട് നാടല്ല  .  അയാള്‍ പറയുന്നത് ശരിയാണോ ?   അമ്മ  പോകുമ്പോള്‍ നാടും വീടും കൂടെപ്പോകുമോ?  രക്ത ബന്ധങ്ങളില്‍ നിന്നും രക്തം വറ്റി പോകുമോ?

മിന്നസോട്ടയില്‍ ജനിച്ച അമേരിക്കന്‍ കവയത്രി ബീലീ (Bea Liu )അമ്മയെക്കുറിചെഴുതിയ കവിതയുണ്ട്  - Looking For Home :Women Writing About Exile എന്ന സമാഹാരത്തില്‍  .  ആ കവിത സുഹൃത്തിന്റെ വാക്കുകളെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു  .  അമ്മയില്ലാത്ത വീട്ടിലെ നിലീനനിശബ്ദതയില്‍ തനിചായിപ്പോകുന്ന ഒരു മകനെ /മകളെ കവിതയില്‍ കാണാം  .   അത് നിങ്ങളുടെ സ്നേഹിതനോ സ്നേഹിതയോ ആകാം  .  എന്റെ സുഹൃത്താകാം  .  കാണാകയങ്ങളില്‍ ഗതികിട്ടാത്ത മൌനത്തോട്‌ അടക്കം പറയുന്ന കവിത . മരണത്തിന്റെ ശിശിരം കഴിഞ്ഞ്  മരങ്ങളില്‍ പറന്നുകയറുന്ന പച്ചിലകളില്‍ എഴുതപെട്ട കവിത  .   പുതുമയില്ല . പഴമയും  .  സാര്‍വലൌകികമായ ഒരു നേര്‍ത്ത  വികാരത്തിന്റെ  മുഴങ്ങുന്ന വാഗര്‍ത്ഥം  .  ഈകവിതയില്‍ നിന്നുകൊണ്ട്  നാട്ടില്‍ ജീവിച്ചിരിക്കുന്ന എന്റെ അമ്മയെ ഞാന്‍ നമസ്കരിക്കുന്നു.

അമ്മ

    -ബീലീ

അവരോട്
ഒന്നുകൂടി
സംസാരിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ .

വീടിനെ ക്കുറിച്ചോര്‍ക്കുമ്പോള്‍
അതാണ്‌ ഓര്‍മ്മയില്‍ വരിക.

വന്നു കയറുമ്പോള്‍
എനിക്കും ഒരു വീടുണ്ട്
എന്ന് തോന്നിയിരുന്നു.

അവര്‍ ഇവിടെ ഉണ്ടായിരിരുന്നെങ്കില്‍
ഞങ്ങള്‍
മുല്ലപ്പൂവിന്റെ മണമുള്ള രസായനം
പാകപ്പെടുത്തി കഴിക്കുമായിരുന്നു.

അപ്പോള്‍ ഞാനെന്റെ
ജീവിതത്തെക്കുറിച്ച്
സംസാരിക്കും.

പരസ്പരബന്ധമുണ്ടാവില്ല ,
ഒന്നിനും.
പക്ഷെ,
എല്ലാം ഒന്നിനൊന്നുചേരും വരെ
എന്നെ സംസാരിക്കാന്‍ അനുവദിക്കും.

ഇനി ഒരിക്കലും
അങ്ങനെ ഉണ്ടാവില്ല.

ഞാന്‍ വരും വരെ
കാത്തിരിക്കാന്‍
അവര്‍ക്ക് കഴിഞ്ഞില്ല.

പത്തുവര്‍ഷം
കഴിഞ്ഞിരിക്കുന്നു.

അന്ധയും നിരാലംബയുമായ അവര്‍
എനിക്കായി കാത്തിരിക്കണമെന്ന്
പറയാനാവില്ലായിരുന്നു.

അതുകൊണ്ടിതാ
ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു,
ശൂന്യതയിലേക്ക്.

സ്വാഗതഗാനങ്ങളില്ല
സന്തോഷക്കണ്ണുനീരില്ല .
ചോദ്യങ്ങളില്ല.
എന്റെ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടാന്‍ വഴിയുമില്ല.

ഗാനമുഖരിതമായ
അവരുടെ മുറികളില്‍
നിശബ്ദത നിറയുന്നു.

അവരോട്
എനിക്ക് പറയാനുള്ളവ
എന്റെ ഹൃദയത്തില്‍
എന്നന്നേക്കുമായി
പൂട്ടിക്കിടക്കുന്നു.

അവരില്ലാത്ത മുറികളില്‍
ഞാന്‍ അലഞ്ഞു നടന്നു.

അവരുടെ കസേരയ്ക്കരികില്‍
തനിച്ചിരിക്കുമ്പോള്‍
അവിടെ, അവസാനം
ആ ശബ്ദം
എനിക്ക് കേള്‍ക്കാനായി
               'നീ വലിയ കുട്ടിയായി
               നിനക്ക്
               എല്ലാം
               ചെയ്യാന്‍ കഴിയും '

പഴന്തമിഴ് കവിതകള്‍




പഴന്തമിഴ് കവിത   .   സംഘകാലകവിത  .   മയില്‍ ,  മലമ്പുള്ള്  ,  അന്നം  , പ്രാവ്  , കാട്ടുകോഴി , കുളക്കോഴി തുടങ്ങിയ പക്ഷികളുടെ കവിത   .   ആന , കരടി , കുരങ്ങ് , കുതിര , കാട്ടുപശു , മാന്‍ , മുയല്‍ എന്നിങ്ങനെ മൃഗങ്ങളുടെ കവിത   .   കാട്ടരുവി , മലത്തടാകം ,പാറയൂറ്റുറവ , അങ്ങനെയങ്ങനെ നീരിടങ്ങളുടെ കവിത   .   വേങ്ങപ്പൂ  , കുറിഞ്ഞിപ്പൂ , കാന്തള്‍പ്പൂ - പൂ പൂക്കും  കവിത   .   തേക്ക് , അകില്‍ , ചന്ദനം , അശോകം , നാഗമരം - മരങ്ങളില്‍ കവിത   .   തോല്പ്പറ , ത്മ്പോറ് , കൈവീണ , കുറുഞ്ചിയാഴ് - സംഗീതവാദ്യോപകരണങ്ങളില്‍  കവിത   .   തിനക്കണ്ടം കാവല്‍ ,  തേനെടുക്കല്‍ , കിഴങ്ങു പറിക്കല്‍ , കൊയ്ത്ത് , നെല്ലുകുത്ത് - തൊഴിലിടങ്ങളില്‍ കവിത   .   കുരവക്കൂത്ത് , കുറിഞ്ചിപണ് - ഗാനനൃത്തങ്ങളില്‍ കവിത  .     നിറയാത്ത കുടത്തില്‍  നീര്‍തുളുമ്പും  കവിത   .   ചിലങ്കയൊലിക്കവിത  .   കാതല്‍പാട്ടുകള്‍  .  വിരഹഗീതങ്ങള്‍    .   യുദ്ധവര്‍ണനകള്‍   .    വാഴ്വിന്റെ  പൊരുള്‍   .   അരുള്‍  .   തനിമ  .  ഇനിമ .

പഴ്ന്‍തമിഴ്  കവികള്‍  -   പെരുംകടുങ്കോ  .  കപിലര്‍  .  മരുതനിളനാകന്‍  .  നല്ലന്തുവനാര്‍  .  കരകാണാകാവ്യപ്രപഞ്ചം  .  അതില്‍ നിന്നും തെല്ലെടുത്തു  .   എള്ളോളമെടുത്തു   .   പൊട്ടും പൊടിയുമെടുത്തു   .   മൊഴിമാറ്റിമെനഞ്ഞു   .   ഇത്തിരിയോളം തമിഴ്ജ്ഞാനം  .  അതെടുത്തു പെരുമാറി  .   കൂട്ടുകാരി  .  വീട്ടുകാരി  .  തമിഴ്മൊഴിയാള്‍  .  കൂടെ വന്നു  .   ചില പുസ്തകങ്ങള്‍  - The Interior Landscape, Poems of Love and War (A.K. Ramanujan ) The Poems of Ancient Tamil  – Their Mileau and their Sanskrit Counterparts ( George Hart ) The Eight Anthologies – A Study in Early Tamil Literature ( John Ralston Marr ) (Love Stands Alone -edited by M.L Thangappa ,A.R. Venkatachalapathy) ആ വഴിയും  പോയി  .  അക്കാല ഭാഷയില്‍ നിന്ന് ഇക്കാല ഭാഷയിലേക്ക്   .  അക്കാല കാവ്യശില്‍പ്പത്തില്‍ നിന്ന് ഇക്കാല കാവ്യശില്‍പ്പത്ത്തിലേക്ക്   .   പകര്നാടി നോക്കി  .   ആവതും   പണിയെടുത്തു   .     ആകാവുന്നടത്തോളം നടന്നു   . എന്നിട്ടും എത്തിയില്ല  .  എത്തിയിട്ടും എത്താത്ത ഉയരം  .  പഴന്‍തമിഴ് കാവ്യങ്ങള്‍  .കാവ്യക്കൊടുമുടികള്‍  .

ഇത്  .  ഈ മൊഴിമാറ്റം  .  പിഴവുകള്‍ ഏറെയുള്ളത്  .  പ്റിയത്ത്തോടെ  പങ്കുവെക്കുന്നു  .  പിഴവുകള്‍ പൊറുക്കുക.


I

തോനെ
മഴ പെയ്തു.

വൃക്ഷങ്ങള്‍
ലതകള്‍
ചരങ്ങള്‍
അചരങ്ങള്‍
പൂത്തു .
മദിച്ചു.

വൈഗ നദി.
ഇരുകരയിലും
പലപുഷ്പ നിര.
പലതരം പരിമളം

പുഷ്പങ്ങള്‍
ഉതിര്‍ന്നു .
വീണു .
ഒഴുകും നദി.

മാലയണിഞ്ഞ്
മാനിനി
മയങ്ങും പോലെ
നദി.

മധുരയെ
മാനഗരത്തെ
ചുറ്റിയണചച്
ചേലെഴും മലര്മാല്യം മാതിരി
ഒഴുകും നദി.

വൈഗയെ
വേഗവതിയെ
സ്തുതിച്ചു പാടിയവര്‍
എത്രയോ കവികള്‍.
( കവി -മരുതനിളനാകന്‍)


II


ഒരു ദിനം .
തനിയേ വരുമ്പോള്‍
' ഒന്നു നിക്കൂ '
എന്നു പറഞ്ഞ്‌
എത്തീ
അവന്‍
അരികില്‍ .

എന്നിട്ട്
എന്നെ
അടിമുടി
വര്‍ണ്ണിക്കാന്‍ തുടങ്ങി.

ഇത് അമ്പിളിക്കീറാണെങ്കില്‍
തേഞ്ഞേനെ .
അതല്ല ,അതിനാല്‍ നെറ്റി.

ഇത് പൂര്‍ണചന്ദ്രനാണെങ്കില്‍
കളങ്കം കാണും
അതില്ല ,അതിനാല്‍ മുഖം.

മുളന്കണയാണെങ്കില്‍
മുതിരാനിടം വേണം .
അതില്ല , അതിനാല്‍ തോളാണ്.

നീലോല്പലമാണെങ്കില്‍
നീര്‍പ്പൊയ്ക വേണം .
അതില്ല ,അതിനാല്‍ കണ്ണുകള്‍.

കുഴഞ്ഞാടുന്ന നട
തല ചായുന്നില്ല
അതിനാല്‍ മയിലല്ല,
കന്യാമണി .

മധുരം കിളിമൊഴി
എന്നാലര്‍ത്ഥമുണ്ട്
അതിനാല്‍ പൈങ്കിളിയല്ല
പെണ്കൊടി .

ഇങ്ങനെ പുകഴ്ത്തി
മെല്ലെ മെല്ലെ
അവനടുത്തു.
ഒറ്റപ്പിടിക്ക്
ആ കരുത്തന്‍
ആ കള്ളന്‍
എന്നെ
കൈക്കുള്ളിലാകിക്കളഞ്ഞു.
(കവി -കപിലര്‍ )


III


പച്ചിലത്തോപ്പില്‍
വെളിച്ചം മങ്ങി .
മലയില്‍ കാറ്റൊതുങ്ങി .
 യാചകന്റെ ആശകളായി
സായാഹ്നം മാഞ്ഞു.

യാചകര്‍ക്കു നേരെ
മുഖമാട്ടുന്നവന്റെ
മനസ്സു പോലെ
മരങ്ങള്‍ ഇലകൂമ്പി .

കോപാകുലമായ
ചെമന്ന മുഖവും
കൊടും കാളിയുടെ
പെരും പല്ലു പോലുള്ള
ചന്ദ്രബിംബവും കാട്ടുന്ന
സന്ധ്യേ ,

നാലുദിക്കും നട്ങ്ങുമാറ്
കാലന്റെ കൊടും ചിരി ചിരിച്ച്
ജീവകോടികളെ
മുടിക്കാനെത്തുന്ന സന്ധ്യേ ,

എന്നെ വിറകൊള്ളിചച്
നീ വരുന്നല്ലോ .

അവളുടെ വിരഹവിലാപം കേട്ട്
ഇരുളില്‍ പ്രകാശമായി
അവന്‍ വന്നു.
അവളുടെ ദുഃഖം തീര്‍ന്നു.

അപ്പോള്‍
അന്ധത ബാധിച്ച സന്ധ്യ
ഇരുട്ടിലൊളിച്ചു.
(കവി - നല്ലന്തുവനാര്‍ )


IV


അഴകുള്ളവളേ,
മുല്ലപ്പൂം പല്ലു ള്ളവളേ ,
എന്നു വിളിച്ച്
അക്കാലം
നീയെന്നെ
ഓമനിച്ചു.

വിടവ് വീണ്
ആടും പല്ലുകള്‍ കണ്ടിട്ട്
ഇക്കാലം
നീയെന്താ ഒന്നും മിണ്ടാത്തെ ?
അഞ്ചിക്കൊഞ്ചാത്തെ ?

നെയ്‌ പുരട്ടി
ചീകി മിനുക്കി
അഞ്ചായ് പകുത്ത്
അലങ്കരിച്ചിട്ട
മുടിയഴകിനെ
നീയെത്ര പുകഴ്ത്തി ?

ആ മുടിയഴക്
ആകെ മാറി
അലങ്കോലമായപ്പോള്‍
പ്റിയനേ ,
നീയെന്താ മിണ്ടാത്തെ ?
പുകഴ്ത്താത്തെ ?

നീരിടത്ത്തില്‍
താമരമൊട്ടു പോലെ
തിങ്ങിപ്പൊങ്ങിയ
എന്റെയിളം മുലയിണകളെ
നീയെത്ര വര്ണ്ണിച്ചു?
ഓമനിച്ചു?

നെഞ്ചില്‍
അതുങ്ങളിന്ന്
അടിഞ്ഞു കിടക്കുമ്പോള്‍
നീയെന്താ വര്‍ണ്ണിക്കാത്തെ ?
ഓമനിക്കാത്തെ?
(കവി - പെരുംകടുങ്കോ )

ജറുസലം /നിസാര്‍ ഖബ്ബാനി




തുടക്കത്തില്‍ കാല്‍പ്പനികം . പില്ക്കാലത്ത് അധികാര വിരുദ്ധം . പിന്നെപ്പിന്നെ  അന്തര്‍ദേശീയം . ഈവിധം വികസിതമാകുന്ന കാവ്യാവബോധത്തിലേക്കും കാവ്യ സമീപനത്തിലേക്കും കാഴ്ചകളിലേക്കും എഴുത്തുരീതികളിലേക്കുമുള്ള സഞ്ചാരം നിസാര്‍ ഖബ്ബാനി (Nizar Qabbani (1923-1998) യുടെ കവിതകളില്‍ കാണാമെന്നു തോന്നുന്നു . ജീവിച്ച ജീവിതം കൊണ്ട് വലിയ മനുഷ്യസ്നേഹിയായും എഴുതിയ കവിതകള്‍ കൊണ്ട് ലോകമെംപാടുമുള്ള വേദനിക്കുന്ന മനുഷ്യരെ പ്രതിനിധീകരിക്കുന്ന കവിയായും ഖബ്ബാനി പരിഗണിക്കപ്പെടുന്നു.ഖബ്ബാനിയുടെ കവിതയിലെ ചില വിശദാംശങ്ങള്‍ വിവര്‍ത്തനത്തില്‍ വിട്ടുകളഞ്ഞിരിക്കുന്നു. തെല്ലു സ്വാതന്ത്ര്യവും   എടുത്തിരിക്കുന്നു. സത്യത്തില്‍ ,വലിയ പണ്ഡിതന്മാരും വലിയ കവികളും വലിയ വായനക്കാരുമാണ്  കാവ്യ വിവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് . ഇതിലൊന്നും പെടാത്ത ഒരാള്‍ ചെയ്ത എളിയ ശ്രമമായി ഈ വിവര്‍ത്തനത്തെ കണ്ടാല്‍ മതി .

ജറുസലം
-നിസാര്‍ ഖബ്ബാനി

ഞാന്‍ കരഞ്ഞു,
കണ്ണീര്‍ വറ്റിത്തീരും വരെ.
പ്രാര്‍ഥിച്ചു ,
മെഴുകുതിരികള്‍
ചിമ്മിപ്പോലിയും വരെ.
മുട്ടുകുത്തി ,
നിലം പൊട്ടിത്തകരും വരെ.

ഞാന്‍ ചോദിച്ചു,
മുഹമ്മദിനേയും
ഈസയേയും കുറിച്ച്.

ജറുസലം ,
പ്രവാചകന്മാരുടെ
തിളങ്ങുന്ന നഗരം .
സ്വര്‍ഗ്ഗ -ഭൂമികള്‍ക്കിടയിലെ
ഏറെച്ചെറുപാത .

എണ്ണമറ്റ
മിനാരങ്ങളുടെ
ജറുസലം ,
നീയൊരു
കൊച്ചുപെണ്കുട്ടിയാവുക,
വെന്തുപോയ
വിരലുകളുള്ളവള്‍,
വിമോഹിനി.

നിത്യകന്യകയുടെ
നഗരമേ ,
നിന്റെ കണ്ണുകളില്‍
നിറവിഷാദം.

നബി കടന്നുപോയ
തണല്‍പച്ചകള്‍ ,
ശിലാവൃതമായ തെരുവുകള്‍ ,
മസ്ജിദ്ഗോപുരങ്ങള്‍ ,
എല്ലാം മ്ളാനമയം.

കറുപ്പിലാണ്ട
നഗരമേ,
ഉദിക്കുന്ന
ഞായര്‍ദിനങ്ങളില്‍
മൃതദിവ്യകുടീരത്തില്‍
ആരു മണിമുഴക്കും?

നിരാശാനഗരമേ ,
നീറി യിടറുന്നു
നിന്‍മിഴിപ്പോളയില്‍
നിബിഡം
ഒരു മിഴിനീര്ത്തുള്ളി .

ബൈബിളിനെ
ആരു രക്ഷിക്കും ?
ഖുര്‍ ആനെ
ആരു രക്ഷിക്കും ?
ഈസയെ
ആരു രക്ഷിക്കും ?
മനുഷ്യനെ
ആരു രക്ഷിക്കും ?

ജറുസലം ,
എന്റെ സ്നേഹ നഗരമേ ,
നിന്റെ നാരകമരങ്ങള്‍ പൂക്കും .
പച്ചത്തണ്ടുകളും
പച്ചില്ച്ചില്ലകളും
ആനന്ദത്തിലാറാടി
ഉയര്‍ന്നുവരും .
നിന്റെ മിഴികള്‍
മന്ദഹസിക്കും.
നിന്റെ പവിത്രമേലാപ്പുകളിലേക്ക്
ദേശാടനക്കിളികള്‍
തിരിച്ചുവരും .
കളികളിലേക്ക്
കുട്ടികള്‍
മടങ്ങിയെത്തും .
ദീപ്തിമത്തായ
നിന്റെ തെരുവുകളില്‍
കുട്ടികളും മാതാപിതാക്കളും
കണ്ടുമുട്ടും.

ഒലീവുമരങ്ങളുടെ നഗരമേ,
സമാധാനത്തിന്റെ നഗരമേ,
എന്റെ നഗരമേ.