Followers

Saturday, November 3, 2012

യുസ്തിന്‍ പാന്ത




യുസ്തിന്‍ പാന്ത (Iustin Panta-1964-2001):റുമാനിയന്‍ കവി.വിശാലവും സ്വതന്ത്രവുമായ വീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്ന 'യുഫോരിയന്‍' എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു.മുഖ്യധാര തിരസ്കരിച്ച നിരവധി എഴുത്തുകാരുടെ കൃതികള്‍ ഈ പ്രസിധീകരനത്ത്തിലൂടെ പ്രകാശിപ്പിക്കപ്പെട്ടു.Blown up object,Hand book of thoughts that disturb തുടങ്ങിയ കൃതികള്‍ .ഒരുതരം വിമത സ്വഭാവം കവിതകളുടെ അന്തര്‍ധാരയില്‍ കാണാനാവും.Radu Andriescu-നെ പോലുള്ള നിരൂപകര്‍ പോസ്റ്റ് മോഡേണ്‍ റുമാനിയന്‍ കവിതയിലെ ശ്രേദ്ധയരായ കവികളില്‍ ഒരാളായി പാന്തയെ വിലയിരുത്തിയിട്ടുണ്ട്.Prose Poetry-യുടെ വക്താവായിരുന്ന അയാള്‍ ശ്ളഥ താളങ്ങളും പരീക്ഷിച്ചു.2001-ല്‍ വാഹനാപകടത്തില്‍ പെട്ട് അകാലത്തില്‍ മരണമടഞ്ഞു.അയാളുടെ Minstrels എന്ന കവിതയുടെ മലയാള ഭാഷാന്തരമാണിത്.മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ തീരെ പരിജ്ഞാനമില്ലാത്ത ഒരാളുടെ പരിഭാഷയുടെ എല്ലാ കുഴപ്പങ്ങളും പിഴവുകളും ഇതിനുണ്ടാകുമെന്നു പറഞ്ഞു കൊള്ളട്ടെ.കവികളെക്കാളും എഴുത്തുകാരെക്കാളുംആഴത്തിലും പരപ്പിലും ലോകകവിതയും ഇന്ത്യന്‍ കവിതകളും മലയാള കവിതകള്‍ തന്നെയും വായിക്കുന്ന നിശബ്ദരുംപ്രശസ്തി വിമുഖരുമായ ഒരുപാട് വായനക്കാര്‍ കേരളത്തിലുണ്ട് .അവര്‍ക്ക് മുന്നില്‍ പരിഭാഷകന്റെ ഗീര്‍വാണങ്ങള്‍ക്ക് ഒരു പ്രസ്ക്തിയുമില്ലെന്നു ഞാന്‍ കരുതുന്നു.
സ്തുതിപാടകര്‍

പെരുകും സൂത്രശാലികളേ,
പെരിയ സ്തുതിപാടകരേ,
ദുസ്വഭാവം തരിമ്പു പോലും
തീണ്ടാത്തവരേ,

പെരുത്ത ചന്തയില്‍
നിങ്ങള്‍ക്കെന്നും
വിലയും മതിപ്പുമേറുന്നു.
പത്രത്താളില്‍ ടെലിവിഷനില്‍
തിളങ്ങിമിന്നുന്നു.

കൂരിരുള്‍ തിങ്ങുമുഷസ്സുകള്‍
നിങ്ങള്‍ കൂവിക്കൂവിയടിച്ചേല്പ്പിക്കും
കൂടെക്കൂവാത്തവരെപ്പോലും.

നിങ്ങള്‍ വെട്ടിയടക്കും ലോകം
നിങ്ങള്‍ മാത്രം വാഴും ലോകം
അവിടെ സ്വയമവരോധിക്കുന്നു
അധികാരരത്തില്‍ നിങ്ങള്‍.

നിങ്ങള്‍ കാണാ മറയത്ത്
മുള്കള്ളിച്ചെടികള്‍ പോലെ
ചെമ്മേ വളരുന്നു ,
ചെറു ചെറു തെമ്മാടിക്കൂട്ടം

കറുത്തു പൊള്ളിയ ചുണ്ടുകളില്‍
പകലൊരു സിഗരറ്റാക്കിത്തിരുകി
കത്തിച്ചു വലിച്ചൂതുന്നു ,
കൂത്താടുന്നു,
കിരീടമാക്കുന്നു പുകപടലത്തെ .

നക്ഷത്ര പ്പാത്രങ്ങള്‍ നിരത്തി
പാതിരയെ പൊട്ടിച്ചു പകര്‍ന്ന്
പതുക്കെ മോന്തിപ്പാടുന്നു,
ഉന്മാദത്താലെഴുതുന്നു ,
പുത്തന്‍ പുതുകാലത്തെ.

നരകത്തില്‍ നിന്നുമെടുത്ത
പലവര്‍ണ്ണ ക്കല്ലുകള്‍ കൊണ്ട്
വീടുകള്‍ കൂടുകള്‍ ദേശം ഭാഷകള്‍
പലതും പല മട്ടിലൊരുക്കി.

ഭൂമിയിലെ കിളികള്‍ക്കെല്ലാം
അവ നല്‍കിയൊളിച്ചുകളിക്കാന്‍ .
ഭൂമിയിലെ കാടിന്നെല്ലാം
അവ നല്‍കീ ,മൂടിപ്പൊതിയാന്‍ .

ആകാശക്കാലുകളില്‍
അവയെല്ലാം കൊളുത്തിയിട്ട്
അതിരില്ലാതെ പറക്കാന്‍
അവയെല്ലാം വിട്ടു കൊടുത്ത്
തെമ്മാടികള്‍ പോകുന്നൂ ,
നോക്കെത്താ ദൂരത്തോളം .

സല്സ്വഭാവിക ളാകുന്നവരെ,
സര്വലോകപാലകരെ ,
നിങ്ങള്‍ പോയിപ്പണി നോക്കിന്‍
ആര്‍ക്കു വേണം നിങ്ങടെ സ്വര്‍ഗം !
പൊള്ളയായ തിളക്കം !!

No comments:

Post a Comment