Followers

Saturday, November 3, 2012

വരയില്‍ ഒരു പാഠം/നിസാര്‍ ഖബ്ബാനി




തുടക്കത്തില്‍ കാല്‍പ്പനികം . പില്ക്കാലത്ത് അധികാര വിരുദ്ധം . പിന്നെപ്പിന്നെ  അന്തര്‍ദേശീയം . ഈവിധം വികസിതമാകുന്ന കാവ്യാവബോധത്തിലേക്കും കാവ്യ സമീപനത്തിലേക്കും കാഴ്ചകളിലേക്കും എഴുത്തുരീതികളിലേക്കുമുള്ള സഞ്ചാരം നിസാര്‍ ഖബ്ബാനി (Nizar Qabbani (1923-1998) യുടെ കവിതകളില്‍ കാണാമെന്നു തോന്നുന്നു . ജീവിച്ച ജീവിതം കൊണ്ട് വലിയ മനുഷ്യസ്നേഹിയായും എഴുതിയ കവിതകള്‍ കൊണ്ട് ലോകമെംപാടുമുള്ള വേദനിക്കുന്ന മനുഷ്യരെ പ്രതിനിധീകരിക്കുന്ന കവിയായും ഖബ്ബാനി പരിഗണിക്കപ്പെടുന്നു.

ഖബ്ബാനിയുടെ A Lesson In Drawing എന്ന കവിതയുടെ വിവര്‍ത്തനമാണിത്  . ഒരു പക്ഷേ,ഗദ്യത്തില്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്ന വിവര്‍ത്തനം ഇവിടെ ചെയ്തിരിക്കുന്നത്   'കേക'വൃത്തത്തിന്റെ ഒരു ടോണിലാണ് . ഒരു വികൃതി . ഒരു കുസൃതി .അല്പ്പം സ്വാതന്ത്ര്യം എടുത്തിട്ടുണ്ട് . വിശദാംശങ്ങള്‍ ചിലത് ഒഴിവാക്കി . അല്ലറ ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി . അപ്പോഴും കവിതയുടെ അടിസ്ഥാന ആശയത്തിന് ഭംഗം വരുന്ന ഒന്നും ചെയ്യരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു.അതില്‍ വിജയിച്ചുവോ എന്നറിയില്ല . സത്യത്തില്‍ ,വലിയ പണ്ഡിതന്മാരും വലിയ കവികളും വലിയ വായനക്കാരുമാണ്  കാവ്യ വിവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് . ഇതിലൊന്നും പെടാത്ത ഒരാള്‍ ചെയ്ത എളിയ ശ്രമമായി ഈ വിവര്‍ത്തനത്തെ കണ്ടാല്‍ മതി . ഏതെങ്കിലും കവിത വിവര്‍ത്തനം ചെയ്യാനുള്ള അര്‍ഹതയോ അറിവോ ഇല്ലാത്ത ഒരാള്‍ കവിതയോടുള്ള  സ്നേഹം കൊണ്ടു മാത്രം ചെയ്തുപോയ സാഹസമാണിത് .വിവര്‍ത്തനം വായിച്ച കേടു തീര്‍ക്കാന്‍ കവിത ഇംഗ്ളീഷില്‍ വായിക്കാം.

വരയില്‍ ഒരു പാഠം
നിസാര്‍ ഖബ്ബാനി

എന്‍ മുന്നില്‍ ചായപ്പെട്ടി
വെച്ചുകൊണ്ടെന്‍റെ മകന്‍
ആവ്ശ്യപ്പെടുന്നെന്നോ-
ടവനുവേണ്ടിയൊരു
കിളിതന്‍ ചിത്രമൊന്നു
വരച്ചു കൊടുക്കുവാന്‍.

അഴികള്‍,പൂട്ടുകളു-
മുള്ളൊരു ചതുരം ഞാന്‍
വരക്കു,ന്നതിശയം
അവന്റെ കണ്ണുകളില്‍ .

ഇതൊരു തടവറ-
യാണല്ലോ ഉപ്പാ ,എന്താ
വരയ്ക്കാനറിയില്ലേ
ഒരൊറ്റക്കിളിയെയും .

പൊറുക്കൂ മോനേ ,യവ-
നോടു ഞാന്‍ പറയുന്നു
പക്ഷികളുടെ രൂപം
ഞാന്‍ മറന്നിരിക്കുന്നു.

ഗോതമ്പു ചെടിയൊന്നു
വരയ്ക്കാന്‍ പറയുന്നു
വരപ്പുസ്തകം മുന്നില്‍
വെച്ചു കൊണ്ടെന്റെ മകന്‍.

പേനകൊണ്ടൊരു തോക്ക്
ഞാന്‍ വരയ്ക്കുന്നു,യെന്‍റെ
അറിവില്ലായ്മ കണ്ടു
കളിയാക്കുന്നു മകന്‍.

അറിയില്ലല്ലേ ഒരു
ഗോതമ്പുചെടി,യൊരു
തോ,ക്കിവ തമ്മിലുള്ള
വ്യത്യാസം അല്ലേ ഉപ്പാ.

ഞാനവനോടു പറ-
ഞ്ഞൊരിക്കല്‍ മോനേ,
എനിക്കറിയാമായിരുന്നു
ഗോതമ്പുചെടിരൂപം .

അറിയാമായിരുന്നു
റൊട്ടിക്കഷണത്തിന്‍ രൂപം
അറിയാമായിരുന്നു
റോസാപ്പൂവിന്റെ രൂപം.

പക്ഷേ,യീ കഠിനമാം
കാലത്തില്‍ കാടുകളില്‍
മരങ്ങള്‍ പോരാളിക-
ളോടു ചേര്‍ന്നിരിക്കുന്നു.

റോസാപ്പൂവുകള്‍ പട-
ച്ചട്ടകളണിയുന്നു;
മ്ളാനമാം പടച്ചട്ട.

ആയുധം ധരിക്കുന്ന
ഗോതമ്പുചെടികളും
സായുധര്‍ പക്ഷികളും
സായുധം മതങ്ങളും
സായുധം സംസ്കാരവും .

ഇക്കാലത്തുള്ളിലൊരു
തോക്കു കണ്ടെടുക്കാതെ
വാങ്ങിക്കാന്‍ കഴിയില്ല
റൊട്ടിത്തുണ്ടൊന്നു പോലും.

മുള്ളുകള്‍ മുഖത്തിനു
നേര്‍ക്കുയരുന്ന നില-
യ്ക്കല്ലാതെ നിലത്തുനി-
ന്നൊരൊറ്റ റോസാപ്പൂവും
പറിക്കാനൊക്കുകില്ല.

പറ്റില്ല വിരലുകള്‍-
ക്കിടയില്‍ പൊട്ടിത്തക-
രാത്തൊരു പുസ്തകവും
വിലക്കു വാങ്ങിക്കുവാന്‍.

എന്റെ കിടക്കയുടെ
അരികിലിരുന്നെന്റെ
മകനെന്നോടാവശ്യ-
പ്പെടുകയാണ് ഒരു
കവിത വായിക്കുവാന്‍.

വീഴുന്നു കണ്ണില്‍ നിന്നും
തലയിണയിലേക്ക്
കണ്ണുനീര്‍ത്തുള്ളി ,യത്
നക്കിയെടുത്തൂ മകന്‍.

കണ്ണീരാണുപ്പാ,ഇത്
കവിതയല്ല,സ്തബ്ധ-
നായവന്‍ പറയുന്നു.

ഞാനവനോടു പറ-
യുന്നെന്റെ മകനേ നീ
വളര്ന്നു മുതിരുമ്പോള്‍
അറബിക്കവിതത്ന്
ഏടുകള്‍ വായിക്കുമ്പോള്‍

വാക്കും കണ്ണുനീരിന്റെ
തുള്ളിയും ഇരട്ടക-
ളാണെന്നു തിരിച്ചു നീ-
യറിയും;എഴുതുന്ന
വിരല്‍കള്‍ കരഞ്ഞൊന്നു
വീഴ്ത്തിയ കണ്ണീരിനെ-
ക്കാള്‍ കവിഞ്ഞൊന്നുമല്ല
അറബിക്കവിതയും
എന്നതുമറിയും നീ.

അവന്റെ ചായപ്പെട്ടി
അവന്റെ പേനകളും
എന്‍ മകനെന്റെ മുന്നില്‍
വെയ്ക്കുന്നു;അവന്നായി
സ്വദേശം വര്‍യ്ക്കുവാന്‍
എന്നോടായ് പറയുന്നു.

ബ്റെഷെന്‍റെ കയ്യില്‍
വിറയ്ക്കുന്നു ഞാന്‍
കരയുന്നു കുഴഞ്ഞു
വീഴുന്നു ഞാന്‍.

No comments:

Post a Comment