Followers

Saturday, November 3, 2012

അമ്മ . അമ്മയെക്കുറിച്ചൊരു കവിത




സുഹൃത്തിന്റെ വീട്  .  വീട്ടില്‍ ചെല്ലുമ്പോഴൊക്കെ തോന്നും . അമ്മയും മകനും പരസ്പരം മനസ്സിലാക്കുന്നതേയില്ല  .  അമ്മയും മകനും  .  കീരിയും പാമ്പും പോലെ .  അമ്മ മകനെ കടിച്ചു കീറും .  മകന്‍ അമ്മയേയും  .  വാക്കുകള്‍ കൊണ്ടാണ് . ഒടുവില്‍ അമ്മ കരയും  .  കലങ്ങിത്തെറിച്ച് മകന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും  .  അമ്മ കാത്തിരിക്കും  .കലങ്ങിത്തെളിയുമ്പോള്‍ മകന്‍ മടങ്ങി ചെല്ലും .   അയാള്‍ക്ക്‌  സഹോദരനുണ്ട്  .  സഹോദരിമാരും  .  അയാളുടെ  അമ്മ  ഈയിടെ ലോകം വിട്ടു പോയി  .  അയാള്‍ തിരിച്ചറിയുന്നു  .  അമ്മയില്ലാത്ത വീട്  വീടല്ല  . ഇടയ്ക്കിടെ നാട്ടില്‍ പോകാതിരുന്നാല്‍ ശ്വാസം മുട്ടിയിരുന്ന അയാള്‍ .  ഇപ്പോള്‍ അയാള്‍ നാട്ടില്‍ പോകുന്നത് വര്ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം .   അയാള്‍ പറയുന്നു  .   അമ്മയില്ലാത്ത നാട് നാടല്ല  .  അയാള്‍ പറയുന്നത് ശരിയാണോ ?   അമ്മ  പോകുമ്പോള്‍ നാടും വീടും കൂടെപ്പോകുമോ?  രക്ത ബന്ധങ്ങളില്‍ നിന്നും രക്തം വറ്റി പോകുമോ?

മിന്നസോട്ടയില്‍ ജനിച്ച അമേരിക്കന്‍ കവയത്രി ബീലീ (Bea Liu )അമ്മയെക്കുറിചെഴുതിയ കവിതയുണ്ട്  - Looking For Home :Women Writing About Exile എന്ന സമാഹാരത്തില്‍  .  ആ കവിത സുഹൃത്തിന്റെ വാക്കുകളെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു  .  അമ്മയില്ലാത്ത വീട്ടിലെ നിലീനനിശബ്ദതയില്‍ തനിചായിപ്പോകുന്ന ഒരു മകനെ /മകളെ കവിതയില്‍ കാണാം  .   അത് നിങ്ങളുടെ സ്നേഹിതനോ സ്നേഹിതയോ ആകാം  .  എന്റെ സുഹൃത്താകാം  .  കാണാകയങ്ങളില്‍ ഗതികിട്ടാത്ത മൌനത്തോട്‌ അടക്കം പറയുന്ന കവിത . മരണത്തിന്റെ ശിശിരം കഴിഞ്ഞ്  മരങ്ങളില്‍ പറന്നുകയറുന്ന പച്ചിലകളില്‍ എഴുതപെട്ട കവിത  .   പുതുമയില്ല . പഴമയും  .  സാര്‍വലൌകികമായ ഒരു നേര്‍ത്ത  വികാരത്തിന്റെ  മുഴങ്ങുന്ന വാഗര്‍ത്ഥം  .  ഈകവിതയില്‍ നിന്നുകൊണ്ട്  നാട്ടില്‍ ജീവിച്ചിരിക്കുന്ന എന്റെ അമ്മയെ ഞാന്‍ നമസ്കരിക്കുന്നു.

അമ്മ

    -ബീലീ

അവരോട്
ഒന്നുകൂടി
സംസാരിക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ .

വീടിനെ ക്കുറിച്ചോര്‍ക്കുമ്പോള്‍
അതാണ്‌ ഓര്‍മ്മയില്‍ വരിക.

വന്നു കയറുമ്പോള്‍
എനിക്കും ഒരു വീടുണ്ട്
എന്ന് തോന്നിയിരുന്നു.

അവര്‍ ഇവിടെ ഉണ്ടായിരിരുന്നെങ്കില്‍
ഞങ്ങള്‍
മുല്ലപ്പൂവിന്റെ മണമുള്ള രസായനം
പാകപ്പെടുത്തി കഴിക്കുമായിരുന്നു.

അപ്പോള്‍ ഞാനെന്റെ
ജീവിതത്തെക്കുറിച്ച്
സംസാരിക്കും.

പരസ്പരബന്ധമുണ്ടാവില്ല ,
ഒന്നിനും.
പക്ഷെ,
എല്ലാം ഒന്നിനൊന്നുചേരും വരെ
എന്നെ സംസാരിക്കാന്‍ അനുവദിക്കും.

ഇനി ഒരിക്കലും
അങ്ങനെ ഉണ്ടാവില്ല.

ഞാന്‍ വരും വരെ
കാത്തിരിക്കാന്‍
അവര്‍ക്ക് കഴിഞ്ഞില്ല.

പത്തുവര്‍ഷം
കഴിഞ്ഞിരിക്കുന്നു.

അന്ധയും നിരാലംബയുമായ അവര്‍
എനിക്കായി കാത്തിരിക്കണമെന്ന്
പറയാനാവില്ലായിരുന്നു.

അതുകൊണ്ടിതാ
ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു,
ശൂന്യതയിലേക്ക്.

സ്വാഗതഗാനങ്ങളില്ല
സന്തോഷക്കണ്ണുനീരില്ല .
ചോദ്യങ്ങളില്ല.
എന്റെ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടാന്‍ വഴിയുമില്ല.

ഗാനമുഖരിതമായ
അവരുടെ മുറികളില്‍
നിശബ്ദത നിറയുന്നു.

അവരോട്
എനിക്ക് പറയാനുള്ളവ
എന്റെ ഹൃദയത്തില്‍
എന്നന്നേക്കുമായി
പൂട്ടിക്കിടക്കുന്നു.

അവരില്ലാത്ത മുറികളില്‍
ഞാന്‍ അലഞ്ഞു നടന്നു.

അവരുടെ കസേരയ്ക്കരികില്‍
തനിച്ചിരിക്കുമ്പോള്‍
അവിടെ, അവസാനം
ആ ശബ്ദം
എനിക്ക് കേള്‍ക്കാനായി
               'നീ വലിയ കുട്ടിയായി
               നിനക്ക്
               എല്ലാം
               ചെയ്യാന്‍ കഴിയും '

No comments:

Post a Comment