Followers

Saturday, November 3, 2012

പഴന്തമിഴ് കവിതകള്‍




പഴന്തമിഴ് കവിത   .   സംഘകാലകവിത  .   മയില്‍ ,  മലമ്പുള്ള്  ,  അന്നം  , പ്രാവ്  , കാട്ടുകോഴി , കുളക്കോഴി തുടങ്ങിയ പക്ഷികളുടെ കവിത   .   ആന , കരടി , കുരങ്ങ് , കുതിര , കാട്ടുപശു , മാന്‍ , മുയല്‍ എന്നിങ്ങനെ മൃഗങ്ങളുടെ കവിത   .   കാട്ടരുവി , മലത്തടാകം ,പാറയൂറ്റുറവ , അങ്ങനെയങ്ങനെ നീരിടങ്ങളുടെ കവിത   .   വേങ്ങപ്പൂ  , കുറിഞ്ഞിപ്പൂ , കാന്തള്‍പ്പൂ - പൂ പൂക്കും  കവിത   .   തേക്ക് , അകില്‍ , ചന്ദനം , അശോകം , നാഗമരം - മരങ്ങളില്‍ കവിത   .   തോല്പ്പറ , ത്മ്പോറ് , കൈവീണ , കുറുഞ്ചിയാഴ് - സംഗീതവാദ്യോപകരണങ്ങളില്‍  കവിത   .   തിനക്കണ്ടം കാവല്‍ ,  തേനെടുക്കല്‍ , കിഴങ്ങു പറിക്കല്‍ , കൊയ്ത്ത് , നെല്ലുകുത്ത് - തൊഴിലിടങ്ങളില്‍ കവിത   .   കുരവക്കൂത്ത് , കുറിഞ്ചിപണ് - ഗാനനൃത്തങ്ങളില്‍ കവിത  .     നിറയാത്ത കുടത്തില്‍  നീര്‍തുളുമ്പും  കവിത   .   ചിലങ്കയൊലിക്കവിത  .   കാതല്‍പാട്ടുകള്‍  .  വിരഹഗീതങ്ങള്‍    .   യുദ്ധവര്‍ണനകള്‍   .    വാഴ്വിന്റെ  പൊരുള്‍   .   അരുള്‍  .   തനിമ  .  ഇനിമ .

പഴ്ന്‍തമിഴ്  കവികള്‍  -   പെരുംകടുങ്കോ  .  കപിലര്‍  .  മരുതനിളനാകന്‍  .  നല്ലന്തുവനാര്‍  .  കരകാണാകാവ്യപ്രപഞ്ചം  .  അതില്‍ നിന്നും തെല്ലെടുത്തു  .   എള്ളോളമെടുത്തു   .   പൊട്ടും പൊടിയുമെടുത്തു   .   മൊഴിമാറ്റിമെനഞ്ഞു   .   ഇത്തിരിയോളം തമിഴ്ജ്ഞാനം  .  അതെടുത്തു പെരുമാറി  .   കൂട്ടുകാരി  .  വീട്ടുകാരി  .  തമിഴ്മൊഴിയാള്‍  .  കൂടെ വന്നു  .   ചില പുസ്തകങ്ങള്‍  - The Interior Landscape, Poems of Love and War (A.K. Ramanujan ) The Poems of Ancient Tamil  – Their Mileau and their Sanskrit Counterparts ( George Hart ) The Eight Anthologies – A Study in Early Tamil Literature ( John Ralston Marr ) (Love Stands Alone -edited by M.L Thangappa ,A.R. Venkatachalapathy) ആ വഴിയും  പോയി  .  അക്കാല ഭാഷയില്‍ നിന്ന് ഇക്കാല ഭാഷയിലേക്ക്   .  അക്കാല കാവ്യശില്‍പ്പത്തില്‍ നിന്ന് ഇക്കാല കാവ്യശില്‍പ്പത്ത്തിലേക്ക്   .   പകര്നാടി നോക്കി  .   ആവതും   പണിയെടുത്തു   .     ആകാവുന്നടത്തോളം നടന്നു   . എന്നിട്ടും എത്തിയില്ല  .  എത്തിയിട്ടും എത്താത്ത ഉയരം  .  പഴന്‍തമിഴ് കാവ്യങ്ങള്‍  .കാവ്യക്കൊടുമുടികള്‍  .

ഇത്  .  ഈ മൊഴിമാറ്റം  .  പിഴവുകള്‍ ഏറെയുള്ളത്  .  പ്റിയത്ത്തോടെ  പങ്കുവെക്കുന്നു  .  പിഴവുകള്‍ പൊറുക്കുക.


I

തോനെ
മഴ പെയ്തു.

വൃക്ഷങ്ങള്‍
ലതകള്‍
ചരങ്ങള്‍
അചരങ്ങള്‍
പൂത്തു .
മദിച്ചു.

വൈഗ നദി.
ഇരുകരയിലും
പലപുഷ്പ നിര.
പലതരം പരിമളം

പുഷ്പങ്ങള്‍
ഉതിര്‍ന്നു .
വീണു .
ഒഴുകും നദി.

മാലയണിഞ്ഞ്
മാനിനി
മയങ്ങും പോലെ
നദി.

മധുരയെ
മാനഗരത്തെ
ചുറ്റിയണചച്
ചേലെഴും മലര്മാല്യം മാതിരി
ഒഴുകും നദി.

വൈഗയെ
വേഗവതിയെ
സ്തുതിച്ചു പാടിയവര്‍
എത്രയോ കവികള്‍.
( കവി -മരുതനിളനാകന്‍)


II


ഒരു ദിനം .
തനിയേ വരുമ്പോള്‍
' ഒന്നു നിക്കൂ '
എന്നു പറഞ്ഞ്‌
എത്തീ
അവന്‍
അരികില്‍ .

എന്നിട്ട്
എന്നെ
അടിമുടി
വര്‍ണ്ണിക്കാന്‍ തുടങ്ങി.

ഇത് അമ്പിളിക്കീറാണെങ്കില്‍
തേഞ്ഞേനെ .
അതല്ല ,അതിനാല്‍ നെറ്റി.

ഇത് പൂര്‍ണചന്ദ്രനാണെങ്കില്‍
കളങ്കം കാണും
അതില്ല ,അതിനാല്‍ മുഖം.

മുളന്കണയാണെങ്കില്‍
മുതിരാനിടം വേണം .
അതില്ല , അതിനാല്‍ തോളാണ്.

നീലോല്പലമാണെങ്കില്‍
നീര്‍പ്പൊയ്ക വേണം .
അതില്ല ,അതിനാല്‍ കണ്ണുകള്‍.

കുഴഞ്ഞാടുന്ന നട
തല ചായുന്നില്ല
അതിനാല്‍ മയിലല്ല,
കന്യാമണി .

മധുരം കിളിമൊഴി
എന്നാലര്‍ത്ഥമുണ്ട്
അതിനാല്‍ പൈങ്കിളിയല്ല
പെണ്കൊടി .

ഇങ്ങനെ പുകഴ്ത്തി
മെല്ലെ മെല്ലെ
അവനടുത്തു.
ഒറ്റപ്പിടിക്ക്
ആ കരുത്തന്‍
ആ കള്ളന്‍
എന്നെ
കൈക്കുള്ളിലാകിക്കളഞ്ഞു.
(കവി -കപിലര്‍ )


III


പച്ചിലത്തോപ്പില്‍
വെളിച്ചം മങ്ങി .
മലയില്‍ കാറ്റൊതുങ്ങി .
 യാചകന്റെ ആശകളായി
സായാഹ്നം മാഞ്ഞു.

യാചകര്‍ക്കു നേരെ
മുഖമാട്ടുന്നവന്റെ
മനസ്സു പോലെ
മരങ്ങള്‍ ഇലകൂമ്പി .

കോപാകുലമായ
ചെമന്ന മുഖവും
കൊടും കാളിയുടെ
പെരും പല്ലു പോലുള്ള
ചന്ദ്രബിംബവും കാട്ടുന്ന
സന്ധ്യേ ,

നാലുദിക്കും നട്ങ്ങുമാറ്
കാലന്റെ കൊടും ചിരി ചിരിച്ച്
ജീവകോടികളെ
മുടിക്കാനെത്തുന്ന സന്ധ്യേ ,

എന്നെ വിറകൊള്ളിചച്
നീ വരുന്നല്ലോ .

അവളുടെ വിരഹവിലാപം കേട്ട്
ഇരുളില്‍ പ്രകാശമായി
അവന്‍ വന്നു.
അവളുടെ ദുഃഖം തീര്‍ന്നു.

അപ്പോള്‍
അന്ധത ബാധിച്ച സന്ധ്യ
ഇരുട്ടിലൊളിച്ചു.
(കവി - നല്ലന്തുവനാര്‍ )


IV


അഴകുള്ളവളേ,
മുല്ലപ്പൂം പല്ലു ള്ളവളേ ,
എന്നു വിളിച്ച്
അക്കാലം
നീയെന്നെ
ഓമനിച്ചു.

വിടവ് വീണ്
ആടും പല്ലുകള്‍ കണ്ടിട്ട്
ഇക്കാലം
നീയെന്താ ഒന്നും മിണ്ടാത്തെ ?
അഞ്ചിക്കൊഞ്ചാത്തെ ?

നെയ്‌ പുരട്ടി
ചീകി മിനുക്കി
അഞ്ചായ് പകുത്ത്
അലങ്കരിച്ചിട്ട
മുടിയഴകിനെ
നീയെത്ര പുകഴ്ത്തി ?

ആ മുടിയഴക്
ആകെ മാറി
അലങ്കോലമായപ്പോള്‍
പ്റിയനേ ,
നീയെന്താ മിണ്ടാത്തെ ?
പുകഴ്ത്താത്തെ ?

നീരിടത്ത്തില്‍
താമരമൊട്ടു പോലെ
തിങ്ങിപ്പൊങ്ങിയ
എന്റെയിളം മുലയിണകളെ
നീയെത്ര വര്ണ്ണിച്ചു?
ഓമനിച്ചു?

നെഞ്ചില്‍
അതുങ്ങളിന്ന്
അടിഞ്ഞു കിടക്കുമ്പോള്‍
നീയെന്താ വര്‍ണ്ണിക്കാത്തെ ?
ഓമനിക്കാത്തെ?
(കവി - പെരുംകടുങ്കോ )

No comments:

Post a Comment