Followers

Saturday, November 3, 2012

അനുപമ ബസുമോതാരിയുടെ കവിത




സമകാല ആസ്സാമീസ് കവിതയിലെ ശ്രദ്ധേയരും പുതിയ ആസ്സാമീസ് കവിതയെ മുന്നോട്ടു നയിക്കുന്നതില്‍ സജീവമായ പങ്കുവഹിക്കുന്നവരുമായ രാം ഗോസ്വാമി(Ram Goswami) ,അര്‍ച്ചന പൂസാരി (Archana Puzari) ,ധ്റൂബകുമാര്‍ താലൂക്ദര്‍ (Dhruba Kumar Talukdar) ,രാജീബ് ബര്‍മ (Rajib Barma) ,ലക്ഷ്യ കുമാര്‍ ഹാണ്ഡിക് (Lakshya Kumar Handique) ,എല്ലി അഹമദ് (Ellie Ahmed) ,സഞ്ചിത ബോറ (Sanchita Bora) തുടങ്ങിയവര്‍ക്കിടയിലെ സവിശേഷ സ്വരമാണ് അനുപമ ബസുമോതാരി (Anupama Basumotary ) യുടേത് . ഇതിനകം മൂന്നു കവിത സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ബസുമോതാരി യുടെ കവിതകള്‍  പ്രാദേശികവും നാടോടിയുമായ കാവ്യ പാരമ്പര്യത്തെ പുതു രീതിയില്‍ സ്വാംശീകരിക്കുന്നവയാണ് . ഗോത്രവര്‍ഗ സാനിധ്യവും മലകളും താഴ്വരകളും പുല്‍മേടുകളും നിറഞ്ഞ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള കവിതകളില്‍ അന്തര്‍ഗതമായിരിക്കുന്ന ഭാവപ്രഞ്ചത്തെ പൊതുവില്‍ പങ്കു വെക്കുമ്പോള്‍ തന്നെ നിശിതമായ പുതുസൌന്ദര്യ ബോധം കൊണ്ടും സൂക്ഷ്മ സാമൂഹിക ബോധം കൊണ്ടും തീക്ഷ്ണമായ വൈയക്തികവിതാനങ്ങള്‍ കൊണ്ടും ബസുമോതാരിയുടെ കവിതകള്‍ വേറിട്ടു നില്ക്കുന്നു . ബസുമോ താരിയുടെ Sculptor എന്ന കവിതയുടെ വിവര്‍ത്തനമാണ് താഴെ . കവിതയുടെ എല്ലാ മേന്‍മകളും കവയത്രിക്ക്  അവകാശപ്പെട്ടത് . കവിതയുടെ എല്ലാ വീഴ്ചകളും വിവര്‍ത്തകന്‍റേത് .  കവിതയിലേക്ക് വായനക്കാരെ സ്നേഹത്തോടെ ക്ഷണിക്കുന്നു.          

കൊത്തുപണിക്കാരന്‍
അനുപമ ബസുമോതാരി

കല്‍വസ്ത്രമണിഞ്ഞു.
കല്ലാഭരണവിഭൂഷിതയായി.

എനിക്കു മിണ്ടാനായില്ല
കല്‍ച്ചുണ്ടുകള്‍ കൊണ്ട്.

അവന്‍ വന്നെന്നെ
പതുങ്ങി നോക്കി,
എന്റെ കൊത്തിയടര്‍ന്ന
പ്രാചീനശരീരത്തില്‍.

പിന്നവവന്‍
അതിമൃദുലം തൊട്ടു,
എന്റെ മുലകളില്‍
ചുണ്ടുകളില്‍
കണ്ണുനീരില്‍.

കല്ലുടലില്‍ നിന്നും
എന്നെ പറിച്ചെടുത്ത്
മറ്റൊരു കല്‍ത്തുണ്ടില്‍
അവനെന്നെ കൊത്തിയെടുത്തു.

അവന്റെ കൈകളുടെ
മാന്ത്രിക സ്പശത്തില്‍
രണ്ടുള്‍ക്കയങ്ങളുടെ  ഒന്നാകലില്‍
എന്റെ കല്‍ഹൃദയം
മിടിക്കാന്‍ തുടങ്ങി.

എന്റെ രണ്ടു കൈകളും നീട്ടി
ഞാനവനെ പുണര്‍ന്നു.

പിന്നെ,
ഞാനൊരു സ്ത്രീയായി.




No comments:

Post a Comment